തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശിയ തിരുവനന്തപുരം കടലോര മേഖലകളില്‍ ആശങ്കയോടെ കഴിയുന്ന മല്‍സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് സാന്ത്വനമേകാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെത്തി. രണ്ടുദിവസം മുമ്പ് മല്‍സ്യബന്ധനത്തിനായി കടലില്‍ പോയവരെ കാണാതെ കടപ്പുറത്ത് അലമുറയിടുന്ന കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന നേതാക്കള്‍ തീരദേശഗ്രാമങ്ങളുടെ വേദനയും പേറിയാണ് മടങ്ങിയത്. ഇന്നലെ രാവിലെ 10 മണിയോടെ പൂന്തുറയിലെത്തിയ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും മുന്നിലേക്ക് കണ്ണീരോടെയാണ് തീരവാസികള്‍ എത്തിയത്. ചുഴലിക്കാറ്റില്‍പ്പെട്ട് നടുക്കടലില്‍ കുടുങ്ങിയ ബന്ധുക്കളെ കരയിലെത്തിക്കാനുള്ള നടപടികള്‍ വൈകുന്നുവെന്നായിരുന്നു ഇവരുടെ പരാതി. വെട്ടുകാട് സ്വദേശികളായ സോളമന്‍, ജയിംസ്, ബ്രൂണോ, കുട്ടന്‍, വിന്‍സന്റ്, ജോസഫ്, ഫെലിറ്റസ്,ഷിബു, റോയി, എര്‍വിന്‍ എന്നിവര്‍ മടങ്ങിയെത്തിയിട്ടില്ല. വ്യാഴാഴ്ച രാത്രിയോടെ എല്ലാവരെയും കരയില്‍ എത്തിക്കുമെന്ന് കളക്ടര്‍ നല്‍കിയ ഉറപ്പ് വിശ്വസിച്ച് കാത്തിരുന്ന തങ്ങള്‍ നിരാശരായെന്നും സ്ത്രീകള്‍ വേദനയോടെ പറഞ്ഞു. വിഴിഞ്ഞം, പൂന്തുറ, വലിയ തുറ പ്രദേശങ്ങളില്‍ നിന്ന് കടലില്‍ പോയ നിരവധി വള്ളങ്ങളിലുള്ളവരാണ് തിരിച്ചെത്താനുള്ളത്. ചുഴലിക്കാറ്റിനെക്കുറിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ കടലില്‍ വള്ളമിറക്കില്ലായിരുന്നുവെന്ന് അവര്‍ അലമുറയിട്ട് പറഞ്ഞു. വെട്ടുകാട്, വലിയതുറ ഭാഗത്തെ മൂന്നുവള്ളങ്ങള്‍ കടലിലുണ്ട്. ഇതില്‍ രണ്ടുവള്ളങ്ങളിലായി പത്തു തൊഴിലാളികളുണ്ടെന്നും സ്ത്രീകള്‍ നേതാക്കളോട് പറഞ്ഞു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി, റവന്യൂമന്ത്രി, ഫിഷറീസ് മന്ത്രി എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
തീരപ്രദേശത്ത് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കടലില്‍ കുടുങ്ങിയവര്‍ക്ക് ബോട്ടുകള്‍ ഉപേക്ഷിച്ച് നാവിക സേനയുടെ കപ്പലില്‍ മടങ്ങുന്നതിന് വേണ്ടി അവര്‍ക്ക് ബോട്ടുകളുടെ പൂര്‍ണ്ണമായ നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തണമെന്ന് രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു. പൂന്തുറയില്‍ അടിയന്തിരമായി മെഡിക്കല്‍ ക്യാമ്പ് തുറക്കണം. തീര ദേശത്ത് ആവശ്യമായത്ര ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ വ്യാപക പ്രതിഷേധമറിയിച്ച് നൂറുകണക്കിന് പേരാണ് നേതാക്കള്‍ക്ക് മുന്നിലെത്തിയത്. റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍, കുറ്റപ്പെടുത്തനല്ല ഈ സമയം ഉപയോഗിക്കേണ്ടതെന്നും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കാണാതായ മത്സ്യതൊഴിലാളികളെ കരയ്ക്ക് എത്തിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ഉണ്ടാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യം ഉയര്‍ത്തി. തീരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. ഇവിടെത്തെ സ്ഥിതി വിശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ശശി തരൂര്‍ എം.പി, മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍ എം.എല്‍.എ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും മുന്‍ പ്രസിഡന്റ് വി.എം സുധീരനും കടലോരമേഖലയില്‍ സന്ദര്‍ശനം നടത്തി. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ അടിയന്തര സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹസന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കടലില്‍ പെട്ടുപോയവരെ രക്ഷപ്പെടുത്തി കരയില്‍ എത്തിക്കുന്നതിലും തീരദേശ ജനങ്ങള്‍ക്ക് അനിവാര്യമായ ദുരിതാശ്വാസനടപടികള്‍ മുന്നോട്ടു നീക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാര്‍ സംവിധാനത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് വി.എം സുധീരന്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ ശക്തമായ പ്രതിഷേധ വികാരത്തില്‍ പ്രതിഫലിച്ചത് തങ്ങള്‍ നേരിടുന്ന ഈ ദുരവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.