കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

മാവിലായി കുഴിക്കലായിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കുഴിക്കലായി യു.പി സ്‌കൂളിന് സമീപത്ത് താമസിക്കുന്ന പനത്തറ ഹൗസിൽ പ്രദീപന്റെ ഭാര്യ ശ്രീലത (42)യാണ് വെട്ടേറ്റ് മരിച്ചത്. പ്രദീപനെ എടക്കാട് പൊലീസ് അറസ്റ്റുചെയ്തു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നാളുകളായി കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇതേചൊല്ലി പൊലീസ് സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം മദ്ധ്യസ്ഥ ചർച്ച നടത്തിയതായും സമീപവാസികൾ പറയുന്നു. ഇന്ന് പുലർച്ചെയും തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. വീട്ടിലുപയോഗിച്ചിരുന്ന കത്തിവാൾ കൊണ്ടാണ് ശ്രീലതയ്ക്ക് വെട്ടേറ്റത്. ആയുധം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദീപനും ശ്രീലതയ്ക്കും പുറമെ പ്ലസ് വണ്ണിലും എട്ടിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ബഹളംകേട്ട് മക്കൾ ഞെട്ടിയുണരുമ്പോഴേക്കും അമ്മ കഴുത്തിന് വെട്ടേറ്റ് ചോര വാർന്ന് വീട്ടിനകത്തെ തറയിൽ കിടക്കുന്നതാണ് കണ്ടത്. പ്രദീപൻ തന്നെയാണ് അടുത്തവീട്ടിൽ വിവരം അറിയിച്ചത്. ഇയാൾ ഈ വീട്ടിൽ ചെന്നിരിക്കുകയായിരുന്നു പിന്നീട്. പൊലീസ് വീട്ടിലെത്തിയപ്പോഴും പ്രദീപൻ അടുത്തവീട്ടിലുണ്ടായിരുന്നു. കൂലിപ്പണിക്കാരനാണ് പ്രദീപൻ. എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.