കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. ഏഴ് നാടന്‍ ബോംബുകളും ഒരു കൊടുവാളുമാണ് പോലീസ് കണ്ടെത്തിയത്. പുത്തൂര്‍ പുല്ലമ്പ്ര ദേവീക്ഷേത്രത്തിന് സമീപത്തെ സ്വാമി മഠത്തിനടുത്തായി ആളൊഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. അടുത്ത കാലത്ത് നിര്‍മിച്ച നാടന്‍ ബോംബുകളാണെന്ന് പോലീസ് പറഞ്ഞു.

ഉഗ്രസ്‌ഫോടകശേഷിയുള്ളവയാണ് ബോംബുകളെന്നാണ് പ്രാഥമിക നിഗമനം. കണ്ടെടുത്ത ബോംബുകള്‍ പാനൂര്‍ സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റിയിട്ടുണ്ട്. പാനൂര്‍ മേഖലയില്‍ സിപിഐഎം- ബിജെപി സംഘര്‍ഷം തുടരുകയാണ്. ഇന്നലെ രാത്രിയിലും ഒരു സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു.

പുത്തൂര്‍ മഠപ്പുരക്ക് സമീപത്തെ അഷ്‌റഫിനാണ് വെട്ടേറ്റത്. പരുക്കേറ്റ അഷ്‌റഫ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ആണ് പൊലീസ് പരിശോധന നടത്തിയത്. പതിനഞ്ചോളം പേരെ മുന്‍കരുതലായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.