കനത്തമഴ:കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി;വേഗത നിയന്ത്രിച്ച് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
കോട്ടയം:മഴയ്ക്ക് ശമനമുണ്ടാകാത്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ കുട്ടനാട്,ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.കൂടാതെ ചേര്‍ത്തല,അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി,മാവേലിക്കര താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും 18-ന് അവധിയായിരിക്കും.
കൊച്ചിയില്‍ ചെല്ലാനം,കുന്നുകര,പുത്തന്‍ വേലിക്കര പഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
അതേ സമയം കനത്ത മഴയില്‍ മീനച്ചിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം കുറച്ചുനേരം നിര്‍ത്തിവച്ചിരുന്നു.എന്നാല്‍ മേല്‍പ്പാലങ്ങള്‍ സുരക്ഷിതമാണെന്ന റെയില്‍വേ എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.എന്നാല്‍ വേഗത നിയന്ത്രിച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്.ഓരോ ട്രെയിനും കടന്നുപോകുന്നതിനുമുന്‍പും ശേഷവും ട്രാക്കുകള്‍ പരിശോധിക്കും.