തിരുവനന്തപുരം: വീണ്ടും മഴയില്‍ വിറങ്ങലിച്ച് സംസ്ഥാനം.കനത്ത് മഴ തുടരുന്ന് സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു.കോഴിക്കോട്, കോട്ടയം,തൃശ്ശൂര്‍,ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍, മലപ്പുറം,പാലക്കാട്
ആലപ്പുഴ ജില്ലകള്‍ക്കാണ് അവധി.നാളെ പിഎസ് സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം ആറായി.വയനാട് മുട്ടില്‍ പഴശ്ശി കോളനിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു.മുട്ടില്‍ പഴശ്ശികോളനിയിലെ സുമേഷ് (28), പ്രീനു (25) എന്നിവരാണ് മരിച്ചത്. ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് ചിന്നക്കനാല്‍ സ്വദേശികളായ രാജശേഖരന്‍-നിത്യ ദമ്പതികളുടെ ഒരു വയസ്സായ മകള്‍ മഞ്ജുശ്രീ മരിച്ചു. കനത്ത മഴയില്‍ കണ്ണൂരില്‍ തോട്ടില്‍ വീണു കുഴിക്കല്‍ സ്വദേശി ശില്‍പ നിവാസില്‍ പത്മനാഭന്‍ മരിച്ചു.
കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ഇടുക്കിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി.പെരിയവരപാലം മുങ്ങി ഗതാഗതം തടസ്സപ്പെട്ടു.മൂന്നാര്‍,മറയൂര്‍,മാങ്കുളം മേഖലകള്‍ ഒറ്റപ്പെട്ടു.മുക്കം, മാവൂര്‍, നിലമ്പൂര്‍,ഇരിട്ടി,മൂന്നാര്‍ ടൗണുകള്‍ വെള്ളത്തില്‍ മുങ്ങി.മലങ്കര,ഭൂതത്താന്‍കെട്ട്,കല്ലാര്‍കുട്ടി,പെരിങ്ങല്‍ കുത്ത്,മംഗലം എന്നീ അണക്കെട്ടുകള്‍ തുറന്നു.
പത്തനംതിട്ടയില്‍ പമ്പയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. റാന്നിയില്‍ ചില കടകളിലും വീടുകളിലും വെള്ളം കയറി. റാന്നി കോസ് വെ കവിഞ്ഞൊഴുകുന്നു. കക്കി ,മൂഴിയാര്‍. പെരുന്തേനരുവി അണക്കെട്ടുകളിലും ജല നിരപ്പുയര്‍ന്നിരിക്കുകയാണ്. കോട്ടയത്ത് മണിമലയാറ്റിലും മീനച്ചിലാറ്റിലും മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ തുറന്നേക്കും. ആങ്ങമുഴി,സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ 60 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി.കരിന്തിറപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സമീപത്തുള്ള പശുക്കടവ് കോളനിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചാലിയാര്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് 10 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മാവൂര്‍ തെങ്ങിലക്കടവില്‍ നൂറിലേറെ വീടുകള്‍ വെള്ളത്തിനടിയിലായി. കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്.കൊട്ടിയൂരില്‍ കണിച്ചാറില്‍ ചുഴലിക്കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. വളപട്ടണം പുഴ കരകവിഞ്ഞു.പുഴകളില്‍ വെള്ളം ഉയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എറണാകുളം ജില്ലയില്‍ കോതമംഗലം കുട്ടമ്പുഴ വില്ലേജിലെ മണികണ്ഠന്‍ചാലില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.ആലുവയിലെ ശിവക്ഷേത്രം വെള്ളത്തിലാണ്.