ജലന്ധര്‍:കന്യാസ്ത്രീയുടെ ലൈംഗീക പീഡനപരാതിയി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം 9 മണിക്കൂര്‍ ചോദ്യം ചെയ്തു.ഇന്നലെ രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ ബിഷപ്പിനെ വൈക്കം ഡിവൈ.എസ്.പി കെ. സുബാഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.ബിഷപ്പിനെതിരായ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.ബിഷപ്പിന്റെ മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.ഇത് ഫോറന്‍സിക് പരിശോധന നടത്തും.
ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല.പീഡനം നടന്നെന്ന് പറയുന്ന ദിവസം താന്‍ കോട്ടയം കുറുവിലങ്ങാട്ടെ മഠത്തിലെത്തിയില്ലെന്നാണ് ഫ്രാങ്കോ പറഞ്ഞത്.തെളിവുകളെല്ലാമുണ്ടെന്ന് നേരത്തെ പറഞ്ഞ അന്വേഷണ സംഘം മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞ് ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് ബിഷപ്പ് ഹൗസില്‍ നിന്ന് മടങ്ങുകയായിരുന്നു.
ഏത് അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനാകാനും താന്‍ തയ്യാറാണെന്നും ബിഷപ്പ് പറഞ്ഞു.ശാസ്ത്രീയ പരിശോധനകളുടെ ഫലം ഉള്‍പ്പെടെ വ്യക്തമായ തെളിവുകള്‍ കിട്ടിയെങ്കില്‍ മാത്രമേ ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാവുകയുള്ളു.
അതേസമയം ബിഷപ്പ് ഹൗസില്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റമുണ്ടായി.ഫ്രാങ്കോ മുളയ്ക്കല്‍ രാത്രി 7.15ന് മാത്രമാണ് ബിഷപ്പ് ഹൗസിലെത്തിയത്.ഫ്രാങ്കോ മുളയ്ക്കലിന്റെ വാഹനമെത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ബിഷപ്പ് ഹൗസിലെ സുരക്ഷാ ജീവനക്കാര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറാമാന്‍ മനു സിദ്ധാര്‍ത്ഥ് അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറയും തകര്‍ന്നു.എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന പഞ്ചാബ് പൊലീസ് ഇടപെട്ടില്ല.ഒരു സംഘം മാധ്യമപ്രവര്‍ത്തകരെ ബിഷപ്പ് ഹൗസിനുള്ളില്‍ തടഞ്ഞുവെക്കുകയും ചെയ്തു.