കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പ്രധാന സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേയിലിന്റെ പൊലീസ് സുരക്ഷ പിന്‍വലിച്ചു.മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.പൊലീസ് മഠത്തില്‍ താമസിച്ച് സുരക്ഷ നല്‍കുന്നതില്‍ അസൗകര്യമുണ്ടെന്ന് കാണിച്ച് അധികൃതര്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.മഠത്തില്‍ തന്നെ തടങ്കലിലാക്കിയിരിക്കുകയാണെന്ന സിസ്റ്റര്‍ ലിസിയുടെ പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.
അതേ സമയം വിജയവാഡ സഭാംഗമായ സിസ്റ്റര്‍ ലിസി ഉടന്‍ ആന്ധ്രയില്‍ എത്തണമെന്നാണ് എഫ്‌സിസി അധികൃതര്‍ പറയുന്നത്.മഠത്തില്‍ താമസിക്കണമെങ്കില്‍ സഭാനിയമം അനുസരിക്കേണ്ടി വരുമെന്നും മദര്‍ സുപ്പീരിയര്‍ പറയുന്നു.ബിഷപ്പിനെതിരായി സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് സ്ഥലം മാറ്റം നല്‍കി സഭാ നേതൃത്വം പ്രതികാര നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.പ്രതിഷേധത്തേത്തുടര്‍ന്ന് കന്യാസ്ത്രീകളെ കേരളത്തില്‍ തന്നെ തുടരാന്‍ അനുവദിക്കുകയായിരുന്നു.