തിരുവനന്തപുരം:കന്യാസ്ത്രീയെ അധിക്ഷേപിച്ച് വേശ്യ എന്ന പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്.മോശം വാക്ക് ഉപയോഗിച്ചത് പിന്‍വലിക്കുന്നു.വൈകാരികമായിട്ടാണ് കന്യാസ്ത്രീക്കതിരെ പരാമര്‍ശം നടത്തിയതെന്നും വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പിസി ജോര്‍ജ് പറഞ്ഞു.
പക്ഷേ താന്‍ അവരെ കന്യാസ്ത്രീയായി പരിഗണിക്കുന്നില്ല.മോശം പരാമര്‍ശം ഒഴികെ ബാക്കി എല്ലാ കാര്യങ്ങളിലും മുമ്പ് പറഞ്ഞത് തന്നെയാണ് തന്റെ നിലപാട്.തന്റെ പക്കല്‍ എല്ലാ തെളിവുകളുമുണ്ടെന്നും പി സി ജോര്‍ജ് അവകാശപ്പെട്ടു.എന്നാല്‍ പി.സി.ജോര്‍ജിന്റെ വാക്കുകള്‍ അങ്ങേയറ്റം അപമാനകരം ആയിരുന്നുവെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു.തോന്നിയത് പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. നിയമപരമായി തന്നെ നേരിടുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.
ജലന്ധര്‍ ബിഷപ്പിന്റെ കൈയില്‍ പണം വാങ്ങിയാണ് പി.സി ജോര്‍ജ് മോശം പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ പിസി തള്ളിക്കളഞ്ഞു.താന്‍ ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും തനിക്കതിരെ തെറ്റായ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി.സി ജോര്‍ജ് ന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചത്.പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീ തിരുവസ്ത്രം അണിയാന്‍ യോഗ്യയല്ലെന്നും പീഡനം നടന്നദിവസം തന്നെ അവരുടെ കന്യകാത്വം നഷ്ടപ്പെട്ടെന്നും പിസി പറഞ്ഞു.പീഡനത്തിന് ഇരയായ കന്യാസ്ത്രീമാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും ബിഷപ്പിനെതിരെയുള്ള അവരുടെ ആരോപണങ്ങള്‍ ശരിയാണോയെന്ന് ഉറപ്പ് വരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പിസി ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായി.തുടര്‍ന്ന് ‘വായമൂടട പിസി’ എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പയിനും നടക്കുകയാണ്.