ബിഷപ്പിനെതിരേ സ്‌ത്രീപീഡനക്കേസ്‌. നാല്‍പ്പത്താറുകാരിയായ കന്യാസ്‌ത്രീയെ മൂന്നുവര്‍ഷത്തിനിടെ 13 തവണ ലൈംഗിക/പ്രകൃതിവിരുദ്ധപീഡനങ്ങള്‍ക്ക്‌ ഇരയാക്കിയെന്നാണു പരാതി. കന്യാസ്‌ത്രീയുടെ പരാതിപ്രകാരം ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പോലീസ്‌ കേസെടുത്തു.
കഴിഞ്ഞ 27-നു കേസെടുത്ത പോലീസ്‌, പിറ്റേന്നുതന്നെ കന്യാസ്‌ത്രീയുടെ മൊഴി രേഖപ്പെടുത്തി. ബിഷപ്‌ 2014 മുതല്‍ 2016 വരെ പീഡിപ്പിച്ചെന്നും എതിര്‍ത്തപ്പോള്‍ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചെന്നുമാണു പരാതി.
എറണാകുളത്ത്‌ 2014 മേയ്‌ അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആദ്യപീഡനം. രാത്രി 10.45-നു മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച്‌ വിശ്രമമുറിയിലേക്കു നയിച്ചു. തിരിച്ചുപോരാന്‍ തുടങ്ങിയപ്പോള്‍ ളോഹ ഇസ്‌തിരിയിട്ടു തരാന്‍ ബിഷപ്‌ ആവശ്യപ്പെട്ടു. ഇസ്‌തിരിയിട്ട ളോഹയുമായി തിരികെയെത്തിയപ്പോള്‍ കന്യാസ്‌ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു.
പിന്നീടു 2016 വരെ, 13 തവണ മഠത്തിലെത്തിയ ബിഷപ്‌ ഇതേ ഉപദ്രവം ആവര്‍ത്തിച്ചു. ചെറുത്തുനിന്നതോടെ മാനസികമായി പീഡിപ്പിച്ചു. ദൈനംദിനജോലികള്‍ വരെ തടസപ്പെടുത്തുന്ന സ്‌ഥിതിയായതോടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കു കന്യാസ്‌ത്രീ പരാതി നല്‍കി. വീണ്ടും മാനസികപീഡനം തുടര്‍ന്നപ്പോഴാണു കോട്ടയം ജില്ലാ പോലീസ്‌ മേധാവിക്കു പരാതി നല്‍കിയത്‌.
പരാതിപ്പെടാതിരിക്കാന്‍ ഒട്ടേറെ സമ്മര്‍ദങ്ങളുണ്ടായി. പിന്മാറില്ലെന്ന്‌ ഉറപ്പായപ്പോള്‍ കന്യസ്‌ത്രീക്കെതിരേ ബിഷപ്പും പരാതി നല്‍കി. കന്യാസ്‌ത്രീയുടെ നേതൃത്വത്തില്‍ തന്നെ വധിക്കാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു ബിഷപ്പിന്റെ പരാതി. ഇതേത്തുടര്‍ന്നാണു വൈക്കം ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ജില്ലാ പോലീസ്‌ മേധാവി അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്‌. പരാതി പരിശോധിച്ച്‌ കഴിഞ്ഞ 27-നു കേസെടുത്തു. പിറ്റേന്ന്‌ വനിതാ പോലീസ്‌ ഉള്‍പ്പെട്ട സംഘം മഠത്തിലെത്തി കന്യാസ്‌ത്രീയുടെ മൊഴി രേഖപ്പെടുത്തി. ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം എന്നിവയ്‌ക്കാണു കേസ്‌.