തിരുവനന്തപുരം:ഇടുക്കി കമ്പകക്കാനത്തെ കൂട്ടക്കൊലപാതകക്കേസില്‍ തിരുവനന്തപുരത്തുനിന്നും മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.കല്ലറ പാങ്ങോട് സ്വദേശി ഷിബു,തച്ചോണം സ്വദേശി ഇര്‍ഷാദ്,റിട്ടയേര്‍ഡ് അസിസ്റ്റന്റ് കമാന്‍ഡന്റ് രാജശേഖരന്‍ എന്നിവരാണ് പിടിയിലായത്.ഷിബു മുസ്‌ളീംലീഗ് പ്രാദേശിക നേതാവാണ്.ഇയാള്‍ കള്ളനോട്ട് കേസിലും പ്രതിയാണ്.ഇവരെ ഇടുക്കിയിലേക്കു കൊണ്ടുപോകും.
നേരത്തെ കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശിയുടെ മൊഴിയില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള സൂചന ലഭിച്ചതെന്നാണ് വിവരം.ഇന്നലെ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഒരാളെ വിട്ടയച്ചിരുന്നു. കൊലപാതകത്തെ കുറിച്ച് കൃത്യമായ വിവരം ഉള്ളവരാണ് ഇപ്പോള്‍ പിടിയിലായത്.
അതിനിടെ കൃഷ്ണന്റെ വീട്ടില്‍ നിന്നും ശേഖരിച്ച മുപ്പതിലധികം വിരലടയാളങ്ങളില്‍ സംശയകരമായ നാലു വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.താടിവച്ച ഒരു യുവാവ് കൃഷ്ണന്റെ വീട്ടില്‍ കൂടെക്കൂടെ എത്തിയിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു.ഇയാള്‍ കൃഷ്ണന് മന്ത്രവാദത്തിനായി ആളുകളെ എത്തിച്ചുകൊടുക്കുന്ന ഏജന്റാണെന്നാണ് പോലീസ് കരുതുന്നത്.
മന്ത്രവാദം തൊഴിലായി മാറ്റിയ കൃഷ്ണന്‍ സംസ്ഥാനത്തുടനീളം പൂജകള്‍ക്കായി പോയിരുന്നു.മന്ത്രവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലീസിന്റെ നിഗമനം.ഇയാളുടെ വീടട്ടിലും നിരവധി ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു.പൂജയ്ക്കിടെ കൃഷ്ണന്‍ കത്തി ഉപയോഗിച്ചിരുന്നതായും കോഴിക്കുരുതി നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.