ഇടുക്കി:കമ്പകക്കാനത്ത് കൂട്ടക്കൊലപാതകം നടത്തിയത് കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായ അനീഷും ഇയാളുടെ സഹായി ലിബീഷും ചേര്‍ന്നാണെന്ന് പോലീസ്.പ്രതി അനീഷ് മാന്ത്രിക ശക്തി അപഹരിക്കാനാണ് കൃഷ്ണനെ കൊന്നത്.ലിബീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കൃഷ്ണനെ കൊന്നാല്‍ കൃഷ്ണന്റെ മന്ത്രശക്തിയെല്ലാം തനിക്ക് ലഭിക്കുമെന്ന അനീഷിന്റെ അന്ധവിശ്വാസമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇടുക്കി എസ്പി കെബി വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.പ്രതികളില്‍നിന്നും 40 പവനും കണ്ടെടുത്തു. ഇത് കൃഷ്ണന്റെ വീട്ടില്‍നിന്നും നഷ്ടപ്പെട്ട ആഭരണങ്ങളാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:-
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് അനീഷും ലിബീഷും കൃഷ്ണന്റെ വീട്ടിലെത്തിയത്.അനീഷ് ആട്ടിന്‍കൂട്ടില്‍ കയറി ആടുകളെ ആക്രമിച്ചു.ആടുകള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് കൃഷ്ണന്‍ ഇറങ്ങിവന്നപ്പോള്‍ ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബറിന്റെ പൈപ്പ് കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തുകയായിരുന്നു.കൃഷ്ണന്‍ മരിച്ചെന്നുകരുതി വീട്ടില്‍കയറിയ അനീഷ് ഉറങ്ങിക്കിടന്ന ഭാര്യ സുശീലയെയും തലയ്ക്കടിച്ചു.ഇതേസമയം ഉണര്‍ന്ന മകള്‍ ആര്‍ഷ അനീഷിന്റെ ആക്രമണം ചെറുത്തതിനെത്തുടര്‍ന്ന് ഇയാളുടെ കൈക്ക് പരിക്കേറ്റു.എന്നാല്‍ ഉടന്‍ തന്നെ ആര്‍ഷയെ കീഴ്‌പ്പെടുത്തിയ അനീഷ് പെണ്‍കുട്ടിയുടേയും തലയ്ക്കടിച്ചുകൊല്ലുകയായിരുന്നു.തുടര്‍ന്ന് മകന്‍ അര്‍ജുനേയും തലയ്ക്കടിച്ചു വീഴ്ത്തി.എല്ലാവരും മരിച്ചുവെന്നുറപ്പാക്കിയിട്ട് ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
എന്നാല്‍ മൃതദേഹങ്ങള്‍ വീട്ടില്‍ കിടന്നാല്‍ പിടിക്കപ്പെടുമെന്നു മനസ്സിലാക്കിയ ഇവര്‍ പിറ്റേദിവസം രാത്രി കൃഷ്ണന്റെ വീട്ടിലെത്തുകയായിരുന്നു.അപ്പോഴും കൃഷ്ണനും മകനും ജീവന്റെ തുടിപ്പുണ്ടെന്നു മനസ്സിലാക്കിയ ഇവര്‍ കത്തിക്കൊണ്ട് കുത്തി മരണം ഉറപ്പാക്കിയശേഷം ഇരുവരും ചേര്‍ന്ന് ആട്ടിന്‍കൂടിനു സമീപം കുഴിയെടുത്ത് എല്ലാവരെയും അതിലിട്ട് മൂടുകയായിരുന്നു.