തൊടുപുഴ:ഇടുക്കി കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ ഒന്നാംപ്രതിയായ അടിമാലി സ്വദേശി അനീഷ് പോലീസ് പിടിയിലായി.കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായ അനീഷാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അനീഷിന്റെ സഹായിയും കേസിലെ രണ്ടാം പ്രതിയുമായ ലിബീഷ് നേരത്തേ അറസ്റ്റിലായിരുന്നു.ഇയാളില്‍ നിന്നാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.കൃഷ്ണനെ കൊന്നാല്‍ കൃഷ്ണന്റെ മാന്ത്രിക ശക്തി തനിക്കു ലഭിക്കുമെന്ന അന്ധവിശ്വാസവും പണവും സ്വര്‍ണ്ണവും കവരാനുള്ള അതിമോഹവുമാണ് അനീഷിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ലിബീഷ് പോലീസിനു മൊഴി നല്‍കിയിരുന്നു.