ചെന്നൈ:അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയതിനെത്തുടര്‍ന്ന് ഡിഎംകെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ഹര്‍ജി ഉടന്‍ പരിഗണിക്കും.വിഷയത്തില്‍ ഡിഎംകെ അണികള്‍ പ്രതിഷേധിക്കുകയും പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി.
മറീനാബീച്ചില്‍ സ്ഥലം അനുവദിക്കുന്നത് തീരദേശ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. ഇക്കാര്യത്തില്‍ കോടതി ഇതുവരെ നിലപാടെടുക്കാത്തതിനാലാണ് സര്‍ക്കാര്‍ നിയമപ്രശ്‌നം ചൂണ്ടിക്കാണിച്ച് മറീനാബീച്ചില്‍ സ്ഥലം അനുവദിക്കാതിരുന്നത്.ഗാന്ധിമണ്ഡപത്തില്‍ രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ വിഷയത്തില്‍ എടപ്പാടി പളനിസ്വാമി രാഷ്ട്രീയം കളിക്കുകയാണെന്നാണ് വിവിധകോണുകളില്‍നിന്നും വിമര്‍ശനമുയരുന്നത്.സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും വൈകോയും രംഗത്തെത്തിയിട്ടുണ്ട്.കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീന ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,നടന്‍ രജനീകാന്ത് എന്നിവര്‍ ആവശ്യപ്പെട്ടു.