ബംഗളൂരു:കര്‍ണ്ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു .കര്‍ണ്ണാടകത്തില്‍ യദ്യൂരപ്പയുടെ നാലാം ഊഴമാണിത്.തിങ്കളാഴ്ച യദ്യൂരപ്പ സഭയില്‍ വിശ്വാസവോട്ട് തേടും.മന്ത്രിമാരുടെ സത്യപ്രതിജ്ഞയും തിങ്കളാഴ്ച നടക്കും.
2018 മേയ് 17 നാണ് യെദ്യൂരപ്പ മൂന്നാംവട്ടവും മുഖ്യമന്ത്രിയായത്. എന്നാല്‍ ആറുദിവസം മാത്രമാണ് സര്‍ക്കാരിന് ആയുസ്സുണ്ടായത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യദ്യൂരപ്പ രാജിവെച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം രൂപീകരിച്ച് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ വിമതര്‍ കാലുമാറിയതിനെത്തുടര്‍ന്ന് 14 മാസം മാത്രം ഭരിച്ച കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തീരുമാനിച്ചത്.