ബംഗളൂരു:കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരവെ ബിജെപിയിലേക്കു ചാടിയ വിമത എംഎല്‍എ തട്ടിപ്പു കേസില്‍ അറസ്റ്റിലായി. ബിജെപിക്കാര്‍ക്കൊപ്പം പൂനെയിലേക്ക് കടക്കാനിരുന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എ റോഷന്‍ ബെയ്ഗാണ് വിമാനത്താവളത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. രണ്ടായിരം കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാനില്‍ നിന്ന് 400 കോടി കൈപ്പറ്റിയെന്ന കേസിലാണ് റോഷന്‍ ബെയ്ഗിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ അര്‍ധരാത്രിയിലാണ് യെദ്യൂരപ്പയുടെ പിഎ സന്തോഷിനും ബിജെപി എംഎല്‍എ. യോഗേശ്വറിനും ഒപ്പം റോഷന്‍ ബെയ്ഗ് വിമാനത്താവളത്തിെലത്തിയത്.പൊലീസിനെ കണ്ടതോടെ യദ്യൂരപ്പയുടെ പിഎ ഓടി രക്ഷപെട്ടു.മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയാണ് റോഷന്‍ ബെയ്ഗ് അറസ്റ്റിലായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ഐഎം.എ ജ്വല്ലറി നിക്ഷേപതട്ടിപ്പു കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി സംഘമാണ് ബെയ്ഗിനെ പിടികൂടിയത്. ബയ്ഗിനോട് കഴിഞ്ഞ വ്യാഴാഴ്ച അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ബെയ്ഗ് ഹാജരായില്ല.തുടര്‍ന്നാണ് ബെയ്ഗിനെ അറസ്റ്റ് ചെയ്തത്.