കൊച്ചി:കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സമരവുമായി വിമത വൈദികര്‍. ബിഷപ്പ് ഹൗസില്‍ വിമത വെദികര്‍ക്കുവേണ്ടി ഫാ.ജോസഫ് പാറേക്കാട്ടിലാണ് അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്.വേണ്ടി കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സിനഡിന്റേയും അതിരൂപതയുടേയും ചുമതലയില്‍ നിന്ന് മാറ്റണമെന്നതാണ് വിമത വൈദികരുടെ പ്രധാന ആവശ്യം. കൂടാതെ വൈദികര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കര്‍ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്ന ഗുരുതരമായ ആരോപണവും വിമത വൈദികര്‍ ഉന്നയിക്കുന്നുണ്ട്. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് വേണമെന്ന് വൈദികര്‍ ആവശ്യപ്പെടുന്നു.സ്ഥിരം സിനഡ് അംഗങ്ങള്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുന്നതുവരെ ഉപവാസസമരം തുടരുമെന്നും ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു.
എറണാകുളം -അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി അടുത്തിടെയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും നിയമിതനായത്.
ആലഞ്ചേരിയുള്‍പ്പെട്ട വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ ആലഞ്ചേരിയെ വീണ്ടും നിയമിച്ചതില്‍ വൈദികര്‍ക്കു കടുത്ത പ്രതിഷേധമാണുള്ളത്. ബിഷപ്പ് ഹൗസില്‍ കര്‍ദിനാളിനെ അനുകൂലിക്കുന്നവരും എത്തിയതോടെ സ്ഥലത്ത് പോലീസ് സുരക്ഷയും ശക്തമാക്കി.