കൊച്ചി: പ്രശസ്ത മിമിക്രി കലാകാരനും സിനിമ നടനുമായ അബി (52) അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ എട്ടോടെ പാതാളത്തെ വീട്ടില്‍ നിന്നും കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചെങ്കിലും അരമണിക്കൂറിനകം മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഖബറടക്കം ഇന്ന് വൈകുന്നേരം 6.30ന് മൂവാറ്റുവപുഴ പെരുമറ്റം മുസ്ലീം ജമാഅത്ത് പള്ളിയില്‍ നടക്കും. രോഗം മൂലമാണ് പലപ്പോഴും സിനിമയില്‍ നിന്നും ഷോകളില്‍ നിന്നും വിട്ടു നിന്നത്.
മിമിക്രിയിലൂടെയാണ് മലയാളി മനസ്സില്‍ അബി ചിരപ്രതിഷ്ഠ നേടിയത്. ഹബീബ് മുഹമ്മദ് എന്ന അബി മലയാളത്തില്‍ 50ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കലാഭവനിലും കൊച്ചിന് സഗറിലും ഹരിശ്രീയിലും കലാകാരനായി പ്രവര്‍ത്തിച്ച പരിചയത്തില്‍ നിന്നാണ് സിനിമയിലേക്കുള്ള ചുവടുവെപ്പ്.
മഴവില്‍ക്കൂടാരം, സൈന്യം, രസികന്‍, കിരീടമില്ലാത്ത രാജാക്കന്മാര് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. അമിതാഭ് ബച്ചനായും താത്തയായും മിമിക്രി വേദികളെ കൈയിലെടുത്തു. മകന് ഷെയിന്‍ നിഗം അടുത്തിടെയാണ് സിനിമയില്‍ സജീവമായത്.