ചാലക്കുടി:മലയാളികളുടെ പ്രിയനടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം.അഭിനയിച്ച കഥാപത്രങ്ങള്‍ക്കൊപ്പം നാടന്‍പാട്ടുകേളാടും ഇത്രയധികം ചേര്‍ന്നു നില്‍ക്കുന്ന ആ സ്വരം കേള്‍ക്കുമ്പോള്‍ ഇന്നും ഓരോ മലയാളിയുടെ ഉള്ളിലും ഒരു നീറ്റലുണ്ട്.അകാലത്തില്‍ പൊലിഞ്ഞുപോയ ആ പ്രതിഭയുടെ ഓര്‍മ്മദിനത്തിലും മണിയുടെ മരണത്തിലെ ദുരൂഹത നീക്കാനാവാത്തത് കുടുംബത്തെയടക്കം നിരാശപ്പെടുത്തുന്നു. മരണത്തില്‍ സംശയമുന്നയിച്ച മണിയുടെ സഹോദരന്റെ ആരോപണത്തേത്തുടര്‍ന്ന് 2017 ല്‍ കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
മണിയുടെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ പാഡി എന്ന ഔട്ട് ഹൗസിലാണ് മരിക്കുന്നതിനു മുന്‍പ് മണി അവസാനമായി സൃഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചത്.ഇവിടെ വച്ച് അബോധാവസ്ഥയിലായ മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേദിവസം മണി മരിക്കുകയായിരുന്നു.
മണിക്ക് കരള്‍ രോഗമുണ്ടായിരുന്നതായും മരിക്കുന്നതിനു മുന്‍പ് സുഹൃത്തുക്കള്‍ മദ്യം കൊണ്ടുവന്ന് മണിയെ കുടിപ്പിച്ചതായും ആരോപണമുയര്‍ന്നിരുന്നു.അന്നേ ദിവസം പാഡിയിലുണ്ടായിരുന്ന സുഹൃത്തുക്കളും അഭിനേതാക്കളുമായ ജാഫര്‍ ഇടുക്കി,സാബുമോന്‍ എന്നിവര്‍ക്കെതിരെ മണിയുടെ സഹോദരനായ രാമകൃഷ്ണന്‍ ആരോപണമുന്നയിക്കുകയായിരുന്നു.മണിയുടെ മരണം കൊലപാതകമാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചു.ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് സിബിഐ അന്വേഷണം ആരംഭിക്കുകയായിരുന്നു.
രാമകൃഷ്ണന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ജാഫര്‍ ഇടുക്കിയും സാബുമോനും അടക്കമുള്ള 7 സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു.അതേത്തുടര്‍ന്ന് ഈ ഏഴുപേരും നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെയും സിബിഐയേയും അറിയിച്ചു.ഇവരുടെ നുണ പരിശോധനയില്‍ മാത്രമേ ഇനി എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുകയുള്ളു.