കോട്ടയം:സംസ്ഥാനത്താകെ ദുരിതം വിതച്ച് കാലവര്‍ഷം കലിതുള്ളുകയാണ്.
മധ്യകേരളത്തിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്.മലബാര്‍മേഖലകളില്‍ മഴയ്ക്ക് ശമനമുണ്ട്.സംസ്ഥാനത്ത് ഇന്ന് 10 പേര്‍ മരിച്ചു.കോട്ടയം,ഇടുക്കി ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി.തീരമേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭം.ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിടത്ത് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.സംസ്ഥാനത്താകെ മഴക്കെടുതിയില്‍ ഇതേവരെ 8 കോടിയുടെ നഷ്ടമുണ്ടായതായി റവന്യൂമന്ത്രി ഇചന്ദ്രശേഖരന്‍ അറിയിച്ചു.
വിവിധയിടങ്ങളിലായി ഇന്ന് പത്തുപേര്‍ മരിച്ചു.മുണ്ടക്കയത്ത് മണിമലയാറില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു.കൊല്ലത്ത് രണ്ട് പേര്‍ മരിച്ചു.മുറിച്ച് മാറ്റിയ മരം വീണ് ചവറ സ്വദേശി ബനഡിക്റ്റ് (49) മരിച്ചു.തേവലക്കരയില്‍ അനൂപ് എന്ന വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു.മലപ്പുറം ചങ്ങരംകുളം കാഞ്ഞിയൂരില്‍ കുളത്തില്‍ വീണ് കിഴിഞ്ഞാലില്‍ അബ്ദുല്‍ റഹീമിന്റെ മകന്‍ അദ്‌നാന്‍ മരിച്ചു.കണ്ണൂര്‍ കരിയാട് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് പാര്‍ത്തുംവലിയത്ത് നാണിയെന്ന വയോധിക മരിച്ചു.വയനാട് പേരിയ മുപ്പത്തെട്ടാം മൈലില്‍ തോട്ടില്‍ കാണാതായ ഏഴുവയസുകാരന്‍ അജ്മല്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി മണിമലയാറ്റില്‍ ചെറുവള്ളി സ്വദേശി ശിവന്‍കുട്ടി മുങ്ങി മരിച്ചു.മഴയില്‍ ഒറ്റപ്പെട്ട കോതമംഗലം മണികണ്ഠന്‍ ചാലില്‍ ചികിത്സ വൈകിയതിനെത്തുടര്‍ന്ന് വെള്ളാരംകുത്ത് ആദിവാസി കോളനിയിലെ ടോമിയാണ് എന്നയാള്‍ മരിച്ചു.
ഇടുക്കി,കോട്ടയം ജില്ലകളില്‍ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടി.ഇടുക്കി ജില്ലയിലും ഉരുള്‍പൊട്ടലില്‍ വന്‍നാശമുണ്ടായി.മേത്തൊട്ടിയില്‍ ഒരു വീട് ഒലിച്ച് പോയി. വണ്ടിപെരിയാറിലെ റോഡുകളില്‍ വെള്ളം കയറി ഗതാഗതം നിലച്ചു.വണ്ടിപ്പെരിയാര്‍ മ്‌ളാമലയ്ക്കു സമീപം കീരികരയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സെന്റ് ആന്റണീസ് ദേവാലയം ഭാഗീകമായി തകര്‍ന്നു.കനത്ത മഴയില്‍ മൂന്നാര്‍ ഒറ്റപ്പെട്ടു.മുതിര പുഴയാര്‍ കരകവിഞ്ഞ് ഒഴുകുന്നു, 150 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
കോട്ടയം തീക്കോയി മുപ്പതേക്കറിലും,ഏന്തയാര്‍ ഇടങ്കാടിലും ഉരുള്‍പൊട്ടി വ്യാപക കൃഷി നാശമുണ്ടായി.മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു.പാലാ,ഈരാറ്റുപേട്ട നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടയിലായി,കെഎസ്ആര്‍ടിസി സര്‍വ്വീസ് അടക്കം നിര്‍ത്തിവെച്ചു.
എറണാകുളം നോര്‍ത്ത്,സൗത്ത് റെയില്‍വേസ്‌റ്റേഷനുകളില്‍ വെള്ളം കയറി.സിഗ്നല്‍ സംവിധാനം തകരാറിലായി.8 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.കൊച്ചി നഗരത്തിലെ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.എംജി റോഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്,സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പ്രദേശങ്ങളില്‍ വീടുകളിലും കടകളിലും വെള്ളം കയറി.ആലുവയിലെ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി.ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായിത്തുടരുകയാണ്.തീരത്തെ വീടുകളിലെല്ലാം വെള്ളം കയറി.രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.
ആലപ്പുഴ ജില്ലയില്‍ മഴയില്‍ വലിയ നാശനഷ്ടമാണുണ്ടായത്.ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.റെയില്‍വേട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതവും താറുമാറായി.കുട്ടനാട്ടില്‍ കൈനകരിയില്‍ രണ്ടിടങ്ങളില്‍ മട വീണു വന്‍തോതില്‍ കൃഷിനാശമുണ്ടായി.അമ്പലപ്പുഴ,ചേര്‍ത്തല താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.മുന്നൂറിലധികംപേരെ മാറ്റി പാര്‍പ്പിച്ചു. തീരമേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്.