ചെന്നൈ:തമിഴകത്തിന്റെ പ്രയയപ്പെട്ട കലൈഞ്ജര്‍ക്ക് മറീനാബീച്ചില്‍ത്തന്നെ അന്ത്യവിശ്രമം കൊള്ളാം.ഡിഎംകെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു.മറീന നല്‍കാതിരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളി.ആക്റ്റിംഗ് ചീഫ് ജസ്‌ററിസ് ഹുലുവാദി ജി.രമേഷ്,ജസ്റ്റിസ് സുന്ദര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജിയില്‍ ഉത്തരവിട്ടത്.
സംസ്‌കാരം മറീന ബീച്ചില്‍ നടത്തുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട 6 ഹര്‍ജികള്‍ പിന്‍വലിച്ചിരുന്നു.കരുണാനിധിക്ക് മറീനാ ബീച്ചില്‍ അന്ത്യവിശ്രമ സ്ഥലം അനുവദിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഹര്‍ജിക്കാരിലൊരാളായ ട്രാഫിക് രാമസ്വാമിയും കോടതിയെ അറിയിച്ചിരുന്നു.
ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നു ബോധ്യമായതോടെ സംസ്ഥാന മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും ഒരുപോലെയല്ലെന്ന വാദവും സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തി.മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്ക് മാത്രമാണ് മറീനാ ബീച്ചില്‍ സംസ്‌ക്കാരത്തിനായി സ്ഥലം അനുവദിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
കരഞ്ഞുകൊണ്ടാണ് കരുണാനിധിയുടെ മക്കളായ സ്റ്റാലിനും കനിമൊഴിയും കോടതിവിധിയോട് പ്രതികരിച്ചത്.എന്തായാലും കോടതി വിധിയോടെ തമിഴ്‌നാട്ടില്‍ ഉയര്‍ന്നുവന്നേക്കാവുന്ന വൈകാരികപ്രകടനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒരുപരിധിവരെ ശമനമായെന്നു കരുതാം.കലൈഞ്ജര്‍ക്ക് മറീന നല്‍കണമെന്ന ആവശ്യവുമായി ആയിരങ്ങളാണ് കോടതി പരിസരത്തും രാജാജിഹാളിനു പുറത്തും തടിച്ചുകൂടിയത്.വിധിയറിഞ്ഞതോടെ ഏവര്‍ക്കും ആശ്വാസമായി.