ചെന്നെ:തമിഴകത്തിന്റെ പ്രിയ കലൈഞ്ജര്‍ മെറീനാബീച്ചില്‍ ഓര്‍മ്മയായി.കരുണാനിധിയുടെ ആഗ്രഹം പോലെ രാഷ്ട്രീയ ഗുരുവായ സിഎന്‍ അണ്ണാദുരൈയുടെ സമാധി സ്ഥലത്തിനടുത്ത് ഇനി അന്ത്യവിശ്രമം.പതിന്നാലാം വയസ്സില്‍ ആരംഭിച്ച പോരാട്ട വീര്യം അവസാനിച്ചു.ഉള്ളില്‍ അടങ്ങാത്ത വേദനയുടെ കടലിരമ്പവുമായി ആയിരങ്ങള്‍ സാക്ഷിയായി.അഞ്ചുതവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായ കരുണാനിധിയുടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ണ്ണ ദേശീയ ബഹുമതികളോടെയാണ് നടന്നത്.

വൈകുന്നേരം നാലുമണിയോടെയാണ് ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാജാജിഹാളില്‍നിന്നും പുറപ്പെട്ടത്.വഴിയരികില്‍ കാത്തു നിന്ന ജനക്കൂട്ടത്തിനിടയിലൂടെ ഏറെ പാടുപെട്ട് വളരെ പതിയെയാണ് ശവമഞ്ചം നീങ്ങിയത്.പതിനായിരങ്ങളാണ് വിലാപയാത്രയെ അനുഗമിച്ചത്.മറീന ബീച്ചില്‍ കണ്ടത് ജനസാഗരം തന്നെയായിരുന്നു.

ഏഴുമണിയോടെ കുടുംബാംഗങ്ങളും ബന്ധുക്കളും പാര്‍ട്ടി നേതാക്കളും അന്ത്യോപചാരമര്‍പ്പിച്ചു.തുടര്‍ന്ന് ഭൗതിക ശരീരം മണ്ണിലേക്കെടുത്തപ്പോള്‍ ജനങ്ങള്‍ വാഴ്ക,വാഴ്ക തലൈവരേ എന്നിങ്ങനെ എല്ലാവരും ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,ഗുലാംനബി ആസാദ്,പ്രിയങ്കാ ഗാന്ധി,ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ ചടങ്ങിനു സാക്ഷിയാവാനെത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി,പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍,മുഖ്യമന്ത്രി പിണറായി വിജയന്‍,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും നേരത്തേ അന്ത്യോപചാരമര്‍പ്പിച്ചിരുന്നു.