തൃശൂര്‍:കള്ളനോട്ടടിച്ചു വിതരണം ചെയ്യുന്നത് സ്ഥിരം തൊഴിലാക്കിയ സഹോദരങ്ങള്‍ തൃശൂരില്‍ അറസ്റ്റിലായി. ആലപ്പുഴ വടുതല സ്വദേശികളായ ബെന്നി ബര്‍ണാഡ്, ജോണ്‍സണ്‍ ബെര്‍ണാഡ് എന്നിവരാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പോലീസ് പിടികൂടുമ്പോള്‍ ഇവരുടെ കൈവശം ഒന്നേകാല്‍ ലക്ഷം രൂപയുടെ കള്ള നോട്ടുണ്ടായിരുന്നു.
രഹസ്യ വിവരത്തേത്തുടര്‍ന്ന് തൃശൂരിലെ ശക്തന്‍ സ്റ്റാന്‍ഡില്‍നിന്നും കള്ളനോട്ടുമായി ബെന്നിയെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അനിയനായ ജോണ്‍സണ്‍ ആണ് കള്ളനോട്ട് അടിക്കുന്നതെന്ന് വെളിപ്പെടുത്തിയത്.അനിയന്‍ നോട്ടടിക്കും.ചേട്ടന്‍ വിതരണം ചെയ്യും. നോട്ടടിക്കാന്‍ ഇവര്‍ ഉപയോഗിച്ചിരുന്ന വിദേശ നിര്‍മ്മിത പ്രിന്ററും ഉപകരണങ്ങളും വടുതലയിലെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന കള്ളനോട്ടുകളും പിടിച്ചെടുത്തു. ബെന്നി 2005-ല്‍ നടന്ന കൊലക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പ്രതിയാണ്.