കണ്ണൂര്‍:കാസര്‍കോഡ് കള്ളവോട്ടു നടന്നെന്ന തെളിവു സഹിതമുള്ള കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്.ദൃശ്യങ്ങളില്‍ കാണുന്നത് ഓപ്പണ്‍വോട്ട് ചെയ്തവരാണെന്നും ജയരാജന് പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് കാസ്റ്റിംഗില്‍ നിന്ന് ദൃശ്യങ്ങള്‍ മുറിച്ചെടുത്താണ് ഓപ്പണ്‍ വോട്ട് ചെയ്തവരെ കള്ളവോട്ട് ചെയ്തവരായി കാണിച്ചതെന്നു ജയരാജന് ആരോപിച്ചു.
കള്ളവോട്ട് ചെയ്തതായി ദൃശ്യങ്ങളിലുള്ള ജി സുമയ്യ, പോളിംഗ് ഏജന്റാണ്.24-ാം ബൂത്തിലെ വോട്ടറായ സുമയ്യ, വോട്ട് ചെയ്ത ശേഷം 19-ാം ബൂത്തിലെത്തിയത് ശാരീരികാവശതകളുള്ള ശാന്ത എന്ന സ്ത്രീയെ സഹായിക്കാനാണ്.പോളിംഗ് ഏജന്റായ സുമയ്യ അകത്തേക്ക് പോവുകയും പുറത്തു വരികയും ചെയ്യുന്ന ദൃശ്യങ്ങളെടുത്താണ് സുമയ്യ കള്ളവോട്ട് ചെയ്തു എന്ന ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
കല്യാശ്ശേരി മണ്ഡലത്തില്‍ 19-ാം ബൂത്തിലെ മറ്റൊരു ഏജന്റാണ് എം കൃഷ്ണന്. 189-ാം നമ്പര്‍ വോട്ടറായ കൃഷ്ണന്റെ ആവശ്യമനുസരിച്ചാണ് ഓപ്പണ്‍ വോട്ട് ചെയ്തത്.
സിപിഎം അന്വേഷണത്തെ ഭയക്കുന്നില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും എം വി ജയരാജന് പറഞ്ഞു.