കൊച്ചി:ഒറ്റ ദിവസം കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ ‘സ്‌കൂള്‍ യൂണിഫോമിട്ട് മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടി’ഹനാന്‍ ഇപ്പോള്‍ തന്നെ പ്രശസ്തയാക്കിയ അതേ സമൂഹമാധ്യമങ്ങളോട് അപേക്ഷയുമായി എത്തിയിരിക്കുകയാണ്.യൂണിഫോമിട്ട് മീന്‍ വിറ്റത് സിനിമയുടെ പ്രചാരണത്തിനുവേണ്ടിയാണെന്ന് ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പെണ്‍കുട്ടിക്കെതിരെ രൂക്ഷമായ ആക്രമണം നടന്നിരുന്നു.ദുഷ്പ്രചരണങ്ങളില്‍ മനം നൊന്ത ഹനാന്‍ തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നാണ് കണ്ണീരോടെ പറയുന്നത്.
മനസ്സാ അറിയാത്ത കാര്യത്തിനാണ് കള്ളിയെന്നും മറ്റും വിളിച്ച് നിരവധി പേര്‍ ആക്രമിച്ചുകൊണ്ടിരിക്കുന്നത്.ഏഴാം ക്ലാസില്‍ തുടങ്ങിയതാണ് കഷ്ടപ്പാടും ദുരിതങ്ങളും.മുത്തുമാല വിറ്റും ട്യൂഷനെടുത്തുമാണ് ജീവിക്കുന്നത്.അക്കൂട്ടത്തില്‍ മീന്‍ വില്‍ക്കുകയും ചെയ്യുന്നുവെന്നാണ് ഹനാന്‍ പറയുന്നത്.ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ഈവന്റ് മാനേജ്മെന്റില്‍ ഫ്ളവര്‍ ഗേളായും പല സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.ഫേസ്ബുക്കില്‍ ചില സിനിമാ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടാണ് ഹനാനെതിരെ ആളുകള്‍
വിമര്‍ശനം നടത്തുന്നത്.ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരിക്കുമ്പോള്‍ താരങ്ങള്‍ക്കൊപ്പം എടുത്ത ചിത്രങ്ങളാണ് ഇവയെന്ന് ഹനാന്‍ പറയുന്നു.തനിക്ക് സംവിധായകരുമായി യാതൊരു ബന്ധവുമില്ലെന്നും ആകെ തന്നെ സഹായിച്ചത് കലാഭവന്‍ മണി മാത്രമാണെന്നും ഹനാന്‍ പറഞ്ഞു.
ഹനാന് എതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഹനാന്‍ പഠിക്കുന്ന കോളേജിന്റെ പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നു. ഹനാന് മറ്റു വരുമാനമാര്‍ഗങ്ങളില്ല.പെണ്‍കുട്ടിയുടേത് മോശം സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബമാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.