തിരുവനന്തപുരം: വെള്ളയമ്പലം കവടിയാര്‍ റോഡില്‍ ഇന്നലെ രാത്രി മത്സരയോട്ടം നടത്തിയ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് മരിച്ച വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗറില്‍ ഭൂപിയില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശിന്റെ (20) മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ റോഡിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതിനെ തുടര്‍ന്ന് അമിത വേഗതയയല്ല അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ന്യൂ തിയേറ്റര്‍ ഉടമ മഹേഷ് സുബ്രഹ്മണ്യത്തിന്റെ മകള്‍ തൈയ്ക്കാട് ഇവി റോഡ് ഗ്രീന്‍ സ്‌ക്വയര്‍ ബീക്കണ്‍ ഫ്‌ലാറ്റില്‍ ഗൗരി ലക്ഷ്മി സുബ്രഹ്മണ്യം (23), കൂട്ടുകാരി അനന്യ (23) എന്നിവര്‍ പട്ടം എസ്.യു.ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരും അപകടനില തരണം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിനി ശില്‍പ്പയേയും കാറിടിച്ച് പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവര്‍ പാപ്പനംകോട് സ്വദേശി സജികുമാറിനെയും(42) പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം വിട്ടയച്ചതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാത്രി പതിനൊന്നിന് വെള്ളയമ്പലംകവടിയാര്‍ റോഡില്‍ മന്ത്രി മന്ദിരമായ മന്‍മോഹന്‍ ബംഗ്ലാവിന് എതിരെയായിരുന്നു അപകടം. വെള്ളയമ്പലം ഭാഗത്തു നിന്ന് കവടിയാറിലേക്ക് ബെന്‍സ് കാറുമായി മത്സരയോട്ടം നടത്തിയ പുത്തന്‍ ആഡംബര സ്‌കോഡ ഒക്ടോവിയ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്ത് നിര്‍ത്താതെ പോയ ബെന്‍സ് കാര്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു.
കഴിഞ്ഞദിവസം എറണാകുളത്ത് താത്കാലിക രജിസ്‌ട്രേഷന്‍ നടത്തി റോഡിലിറക്കിയതാണ് അപകടത്തില്‍പ്പെട്ട കാര്‍. കാര്‍, മന്‍മോഹന്‍ ബംഗ്ലാവിന് എതിര്‍വശത്തുവച്ച് നിയന്ത്രണം വിട്ട് മുന്‍പേ പോയ ഓട്ടോറിക്ഷയെ ഇടിച്ചുമറിച്ചു. ഇതിനുശേഷം റോഡരികിലെ രണ്ട് വൈദ്യുത പോസ്റ്റുകള്‍ ഇടിച്ചിട്ടു. പോസ്റ്റുകള്‍ തകര്‍ത്തശേഷം വനിതാവികസന കോര്‍പറേഷന്റെ മതില്‍ക്കെട്ടില്‍ ഇടിച്ചാണ് കാര്‍ നിന്നത്. കാറിലുണ്ടായിരുന്ന പെണ്‍കുട്ടികളെ പൊലിസെത്തി പുറത്തെടുത്തെങ്കിലും െ്രെഡവര്‍ സീറ്റിലുണ്ടായിരുന്ന ആദര്‍ശ് കാറിനുള്ളില്‍ കുടുങ്ങിപ്പോയി. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ആദര്‍ശിനെ പുറത്തെടുത്തത്. ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലസ്ഥാനത്തെ പ്രമുഖ വ്യവസായികളുടെ മക്കളായ ഇവര്‍ സഹപാഠികളായിരുന്നു. ഇന്നലെ തലസ്ഥാനത്ത് ഒത്തുകൂടിയ ഇവര്‍ നഗരത്തിലെ ആഡംബര ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം പെണ്‍കുട്ടികളെ വീടുകളില്‍ വിടാനായി പോകുമ്പോഴാണ് അപകടമുണ്ടായത്. ആദര്‍ശിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറി.
അമിത വേഗം കണ്ണടച്ച് പൊലീസ്
വളവും തിരിവുമില്ലാത്ത രാജവീഥിയായ വെള്ളയമ്പലം കവടിയാര്‍ റോഡിലെ ആഡംബര കാറുകളുടെയും ബൈക്കുകളുടെയും അമിതവേഗവും മത്സരയോട്ടവും കണ്ട് നില്‍ക്കുകയാണ് പൊലീസ്.കുറച്ച് നാള്‍ക്കു മുമ്പ് സമാന രീതിയില്‍ ഇവിടെ നടന്ന അപകടത്തിനു ശേഷമുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് മത്സരയോട്ടം കണ്ടെത്താന്‍ വെള്ളയമ്പലം മുതല്‍ കവടിയാര്‍ വരെ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരുന്നു എങ്കിലും മന്ത്രിമന്ദിരങ്ങളുണ്ടായതോടെ കാമറകള്‍ മാറ്റുകയാണുണ്ടായത്. വെള്ളയമ്പലം ട്രാഫിക് ജംഗ്ഷനിലെ നിരീക്ഷണകാമറ കഴിഞ്ഞാല്‍ പിന്നെ കവടിയാര്‍ ട്രാഫിക് ജംഗ്ഷനിലാണ് നീരീക്ഷണ കാമറ ഉള്ളത് എന്നാല്‍ ഇതില്‍ പലതും പ്രവര്‍ത്തിക്കുന്നതുമില്ല.
ഏകദേശം രണ്ടു കിലോമീറ്ററോളം വരുന്ന ഈ റോഡിലാണ് മത്സസരയോട്ടം പതിവായിട്ടുള്ളത്.അപകടം നടന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കഫേ കോഫി ഡേ കാറോട്ടത്തിന്റെയും ബൈക്ക് റേസിന്റെയും സ്ഥിരം വേദിയാണ്.ഇവിടെ നിന്നുമാണ് മത്സരയോട്ടം തുടങ്ങുന്നത് മദ്യവും പെണ്‍കുട്ടികളുടെ ചുംബനവുമൊക്കെയാണ് മത്സരത്തില്‍ വിജയിക്കുന്നവര്‍ കിട്ടുന്നത്. അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിക്കുന്ന കോഫി ഡേയില്‍ ഉന്നതരുടെ മകളാണ് സ്ഥിരം സന്ദര്‍ശകര്‍ അതുകൊണ്ട് തന്നെ പൊലീസ് കണ്ണടക്കുകയാണ് പതിവ്.ആഡംബരവാഹനങ്ങളിലും ബൈക്കുകളിലുംയുവാക്കളുടെ മത്സരയോട്ടം പതിവായ ഇവിടെ അപകടത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളില്‍ മന:സാക്ഷി മരവിച്ച അവസ്ഥയിലാണ് നാട്ടുകാര്‍.
സമാന രീതിയില്‍ മത്സരയോട്ടം നടക്കുന്ന ചാക്ക എയര്‍പോര്‍ട്ട് റോഡും, കവടിയാര്‍ കുറവന്‍കോണം റോഡിലും നടക്കുന്നതും പൊലീസ് കണ്ണടയ്ക്കുകയാണ് പതിവ്
മത്സരയോട്ടത്തില്‍ യുവാവ് മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തിന്റെ ഞെട്ടലിലാണ് മണിക്കൂറുകള്‍ക്ക് ശേഷവും കവടിയാര്‍. അമിതവേഗതയും മത്സരവും വരുത്തിവച്ച ദുരന്തത്തിന്റെ ഭീകരത വെളിവാക്കുന്നതാണ് ദുരന്ത സ്ഥലത്തെ ദൃശ്യങ്ങള്‍. അപകടത്തില്‍ തകര്‍ന്ന് പുതുപുത്തന്‍ കാറിന്റെ അവശിഷ്ടങ്ങള്‍ റോഡിലാകെ ചിതറി കിടക്കുന്നു. അപകടത്തില്‍പ്പെട്ട കുട്ടികളുടെ ചെരിപ്പുകളും മൊബൈല്‍ഫോണും തകര്‍ന്ന ഇലക്ട്രിക് പോസ്റ്റുകളുടെ അവശിഷ്ടങ്ങളും വേറെ. കാറിടിച്ച് തകര്‍ന്ന മരം പട്ടകള്‍ പൊളിഞ്ഞ നിലയില്‍ തൊട്ടടുത്ത് തന്നെയുണ്ട്.ഇന്നലെ രാത്രി അപകടത്തിന് ദൃക്‌സാക്ഷികളായവരുള്‍പ്പെടെ വന്‍ജനാവലിയാണ് ഇന്നും സ്ഥലത്ത് തടിച്ച് കൂടിയിട്ടുള്ളത്.
കര്‍ശന നടപടിക്ക് നിര്‍ദേശം
ഇന്നലത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഡംബര വാഹനങ്ങളുടെ മത്സരയോട്ടം നിറുത്താനുള്ള കര്‍ശന നടപടിക്ക് പൊലീസ് കമ്മിഷണറുടെ നിര്‍ദ്ദേശം. നഗരത്തില്‍ വാഹന പരിശോധന വ്യാപകമാക്കാനും ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.