കോഴിക്കോട്:ദീപ നിശാന്ത് കവിത മോഷ്ടിച്ചെന്ന വാര്‍ത്തകേട്ട് ദു:ഖം തോന്നിയെന്ന് ചെറുകഥാകൃത്ത് ടി പത്മനാഭന്‍.ദീപ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.സി പി എം അധ്യാപക സംഘടനയായ കെ എസ് ടി എ നടത്തിയ വിദ്യാഭ്യാസ മഹോത്സവ വേദിയില്‍ വച്ചായിരുന്നു ടി പത്മനാഭന്‍ ദീപാനിശാന്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇങ്ങനെ നടന്നതെന്നും പത്മനാഭന്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങള്‍ കൊണ്ടാടിയ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് യുവ കവിയായ എസ് കലേഷിന്റെ കവിത മോഷ്ടിച്ച് സര്‍വ്വീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. കവിത തന്റേതാണെന്ന് വെളിപ്പെടുത്തി എസ് കലേഷ് രംഗത്തെത്തിയതോടെ വിവാദം തുടങ്ങി. എന്നാല്‍ കവിത മോഷ്ടിച്ചതല്ലെന്ന് വിശദീകരണവുമായി ദീപ നിശാന്ത് എത്തിയെങ്കിലും പിന്നീട് അവര്‍ അതു തിരുത്തി കലേഷിനോട് മാപ്പുപറയുകയായിരുന്നു.പ്രഭാഷകനായ എംജെ ശ്രീചിത്രനാണ് സ്വന്തം കവിതയാണെന്ന് പറഞ്ഞ് തനിക്ക് കവിത നല്‍കിയതെന്നാണ് ഇവര്‍ പറഞ്ഞത്.