ഹന്ദ്വാര: വടക്കന്‍ കശ്മീരിലെ ഹന്ദ്വാര മഖാം മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ജമ്മുകശ്മീര്‍ ഡിജിപി വിവരം സ്ഥിരീകരിച്ച് രംഗത്തെത്തി. കൊല്ലപ്പെട്ട മൂന്നുപേരും പാകിസ്ഥാനില്‍ നിന്നുള്ളവരാണന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ അര്‍ധരാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തീവ്രവാദി സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തവേയാണ് സംഘം സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് ഐജി മുനീര്‍ ഖാന് മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദികള്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരില്‍ നിന്നും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തിട്ടുണ്ട്. അതിര്‍ത്തിയിലൂടെ കൂടുതല്‍ ഭീകരരെ കടത്തിവിടാന്‍ പാകിസ്ഥാന് ശ്രമിക്കുന്നുണ്ടെന്നും, സൈന്യം കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.