ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ രണ്ട് സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തില്‍ ഉള്‍പ്പെട്ട കിസാന്‍സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ ഒളിവിലാണ്.മൂന്നുപേരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.
സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോസ്റ്റര്‍ ഒട്ടിച്ചവരെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലില്‍ കാനത്തിനെതിരെയുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്. പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ നോര്‍ത്ത് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.