തിരുവനന്തപുരം:കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദത്തില്‍ പ്രതികരണവുമായി പുരസ്‌കാര ജേതാവ് കെ.കെ സുഭാഷ്.തന്റെ കാര്‍ട്ടൂണില്‍ മതചിഹ്നങ്ങളെ അധിക്ഷേപിച്ചിട്ടില്ലെന്ന് സുഭാഷ് വ്യക്തമാക്കി.ലളിതകലാ അക്കാദമിക്കു നല്‍കിയ വിശദീകരണത്തിലാണ് സുഭാഷ് നിലപാട് വ്യക്തമാക്കിയത്.
വിവാദത്തിന്റെ പശ്ചാത്തിത്തില്‍ ലളിതകലാ അക്കാദമിയുടെ അടിയന്തിര യോഗം മറ്റന്നാള്‍ ചേരും.കാര്‍ട്ടൂണിന് പുസ്‌കാരം നല്‍കിയത് പുന:പരിശോധിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.കാര്‍ട്ടൂണില്‍ മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതായി വിലയിരുത്തിയെന്നാണ് മന്ത്രി എകെ ബാലന്‍ പറഞ്ഞത്.പുരസ്‌കാരം നല്‍കിയത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. അതേസമയം ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമേലുള്ള കൈകടത്തലാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധമുയരുന്നുണ്ട്. ലളിതകലാ അക്കാദമിയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ഒരു മന്ത്രിക്കും അവകാശമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു.
കെ.കെസുഭാഷ് വരച്ച് കേരള ശബ്ദത്തിന്റെ സഹപ്രസിദ്ധീകരണമായ ഹാസ്യകൈരളിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് വിവാദമായത്.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയുടെ മുഖമുള്ള പൂവന്‍കോഴി നില്‍ക്കുന്നത് പൊലീസിന്റെ തൊപ്പിക്ക് മുകളില്‍…തൊപ്പി പിടിക്കുന്നത് പിസി ജോര്‍ജ്ജും ലൈംഗീകാരോപണത്തില്‍പ്പെട്ട ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയും.ഫ്രാങ്കോയുടെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം.. ഇതായിരുന്നു കാര്‍ട്ടൂണ്‍. കേരള ലളിത കലാ അക്കാഡമി മികച്ച കാര്‍ട്ടൂണിനുള്ള പുരസ്‌കാരം നല്‍കിയതോടെയാണ് കാര്‍ട്ടൂണ്‍ വിവാദത്തില്‍പ്പെട്ടത്.