ശ്രീനഗര്‍:പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സൈന്യത്തിന്റെ നിയന്ത്രണത്തിലായ കാശ്മീര്‍ താഴ്‌വരയില്‍ ജനജീവിതം നിശ്ചലമായിട്ട് 12 ദിവസം. നേതാക്കളെ തടവിലാക്കി,എല്ലാ ആശയവിനിമയ മാര്‍ഗങ്ങളും ഇല്ലാതാക്കി കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്രം കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തടവറയ്ക്കു സമാനമായ ഈ അവസ്ഥ ബോധ്യപ്പെടുത്തിക്കൊണ്ട് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ് ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചിരിക്കുകയാണ്. സ്വാതന്ത്യ ദിനത്തിലാണ് ഇല്‍ത്തിജ അമിത് ഷായ്ക്ക് കത്തയച്ചതെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
‘രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും തട്ടിയെടുക്കുകയാണ്. സന്ദര്‍ശകരെ കാണാന്‍ പോലും അനുവദിക്കാതെ, വീടിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ ഞാന്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ്’ഇല്‍ത്തിജ പറയുന്നു.മാധ്യമങ്ങളോട് സംസാരിച്ചതിനാണ് തന്നെ തടവില്‍ വെച്ചതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും ഇനിയും മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇല്‍ത്തിജ പറഞ്ഞു. കുറ്റവാളിയെപ്പോലെ തടവിലാക്കപ്പെട്ട താന്‍ കര്‍ശന നിരീ ക്ഷണത്തിലാണെന്നും എല്ലാ കശ്മീരികളെപ്പോലെ മരണഭയത്തിലാണെന്നും ഇല്‍ത്തിജ ശബ്ദസന്ദേശവും പറത്തുവിട്ടിരുന്നു.