ദില്ലി:കാശ്മീര്‍ ബില്‍ ലോക്‌സഭയിലും അവതരിപ്പിച്ചു.ഇന്നലെ ബില്‍ രാജ്യസഭ പാസ്സാക്കിയിരുന്നു.ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ല് അവതരിപ്പിച്ചത്. പാക് അധീന കാശ്മീരും ജമ്മുകാശ്മീരിന്റെ ഭാഗമെന്നും ജീവന്‍ കൊടുത്തും അത് നിലനിര്‍ത്തുമെന്നും അമിത് ഷാ പറഞ്ഞു. ബില്ലിനെ എതിര്‍ത്ത് ലോക് സഭയില്‍ പ്രതിപക്ഷ ബഹളം നടക്കുകയാണ്. നിയമം ലംഘിച്ചാണ് ബില്ലുകള്‍ കൊണ്ടു വന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്ന് ഡിഎംകെ പറഞ്ഞു. കോണ്‍ഗ്രസ്,തൃണമൂല്‍,ഡിഎംകെ,ജെഡിയു തുടങ്ങിയ കക്ഷികളും ഇടതുപാര്‍ട്ടികളുമാണ് ബില്ലിനെ എതിര്‍ക്കുന്നത്.എന്നാല്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി,വൈഎസ് ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ ബില്ലിന് അനുകൂലമാണ്.
അതേ സമയം ഇന്നലെ രാജ്യസഭയില്‍ കാശ്മീര്‍ പ്രമേയം കീറിയെറിഞ്ഞതിന് എംപിമാരായ ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ എന്നിവരെ സ്പീക്കര്‍ ശാസിച്ചു. ഇരുവരേയും ചേംബറില്‍ വിളിച്ചാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ശാസിച്ചത്. ജമ്മുകാശ്മീര്‍ ബില്ലിനൊപ്പം രാഷ്ട്രപതി ഒപ്പിട്ട ഉത്തരവാണ് എംപിമാര്‍ വലിച്ചുകീറിയത്. ഇത്തരം പ്രവണതകള്‍ പാര്‍ലമെന്ററി പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും മേലില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും സ്പീക്കര്‍ താക്കീത് നല്‍കി.