തിരുവനന്തപുരം:കനത്തമഴ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കാസര്‍ഗോഡ് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ആഗസ്റ്റ് 8 മുതലുള്ള കണക്കുകള്‍ അനുസരിച്ച് 164 പേരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്.സംസ്ഥാനത്ത് 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടു ലക്ഷത്തിലധികം പേരാണുള്ളത്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വീണ്ടും സംസാരിച്ചു.പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം അന്വേഷിച്ചുവെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന് ഉന്നതതല യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

11 ഹെലികോപ്റ്ററുകള്‍ കൂടൂതല്‍ പ്രശ്ങ്ങളുള്ള ഭാഗത്തേക്ക് അയക്കും. പ്രതിരോധമന്ത്രിയോട് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പത്തനംതിട്ട ജില്ലയുടെ പ്രധാന ഭാഗങ്ങളിലേക്ക് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാന്‍ കഴിഞ്ഞു. ചെങ്ങന്നൂര്‍, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി വിശദമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സ്യബന്ധന ബോട്ടുകള്‍കൂടി എത്തിച്ച് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയെന്നും ബോട്ടുകള്‍ ഓരോ കേന്ദ്രങ്ങളിലേക്കും നീങ്ങിത്തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.
ആര്‍മിയുടെ 16 ടീമും നാവിക സേനയുടെ 13 ടീമും തൃശൂരിലും 12 ടീം ആലുവയിലും 3 ടീം പത്തനംതിട്ട മേഖലയിലും പ്രവര്‍ത്തിക്കുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ ടീം 28 കേന്ദ്രങ്ങളിലുണ്ട്. എന്‍ടിആര്‍എഫിന്റെ ടീം 4000 അധികം പേരെ രക്ഷപ്പെടുത്തി. നാവികസേന 550 പേരെ രക്ഷപ്പെടുത്തി.ഒറ്റപ്പെട്ടുപോയവര്‍ക്ക് ഹെലികോപ്റ്ററില്‍ വെള്ളവും ഭക്ഷണവും എത്തിക്കുന്നുണ്ട്.കേന്ദ്ര ഭക്ഷണവിഭാഗം ഒരു ലക്ഷം ഭക്ഷണപാക്കറ്റുകള്‍ അയച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.