[author ]നിസാര്‍ മുഹമ്മദ്[/author]തിരുവനന്തപുരം: ഡിസംബര്‍ രണ്ടാംവാരം മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇക്കുറി കിം കി ഡുക്കിന്റെ സാന്നിധ്യവുമില്ല, ചിത്രവുമില്ല. കേരളത്തില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറ്റവുമധികം ആരാധകരുള്ള കൊറിയന്‍ സിനിമാ സംവിധായകനാണ് കിം കി ഡുക്ക്. ചലച്ചിത്ര മേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളില്‍ തന്നെ കിം കി ഡുക്കിനെ ക്ഷണിക്കാനും അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്താനും നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കൂടിയായ ബീനാ പോളുമായി ഡുക്കിനുള്ള സൗഹൃദം മേളയില്‍ ഉപയോഗപ്പെടുത്തണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അക്കാദമി അധികൃതരുടെ മെല്ലെപ്പോക്കാണ് ഇക്കുറി ഡുക്കിന്റെ ചിത്രം മേളയില്‍ എത്തുന്നതിന് തടസമായത്. 
ഏറെ വൈകിയാണ് ചിത്രത്തിന് വേണ്ടി ചലച്ചിത്ര അക്കാദമിയില്‍ നിന്ന് ഡുക്കിനെ ഫോണില്‍ ബന്ധപ്പെട്ടത്. അതുകൊണ്ട് തന്നെ ഡുക്കില്‍ നിന്ന് അക്കാദമിക്ക് ലഭിച്ച മറുപടി നിരാശപ്പെടുത്തുന്നതായിരുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദി ടൈം ഓഫ് ഹ്യൂമന്‍സി’ന്റെ  ഷൂട്ടിങ് തിരക്കിലാണെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. സൗത്ത് കൊറിയയില്‍ നടക്കുന്ന സിനിമാ ചിത്രീകരണം അവസാനഘട്ടത്തിലാണ്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കുന്നതിനൊപ്പം ഡുക്കിന്റെ കമ്പനിയാണ് നിര്‍മ്മാണവും നിര്‍വഹിക്കുന്നത്. കൊറിയന്‍ അഭിനേതാവായ ജാന്‍ കിന്‍ സൂക് ആണ് ആദം എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രശസ്ത നടന്‍ ആന്‍ സുങ്കിയും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 
കഴിഞ്ഞ വര്‍ഷം ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച കിം കി ഡുക്കിന്റെ ‘ദി നെറ്റ്’ എന്ന ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലും രാഷ്ട്രീയ വടംവലികളിലും കുടുങ്ങിപ്പോകുന്ന ഒരു സാധാരണ മത്സ്യത്തൊഴിലാളിയുടെ കഥയാണ് ‘ദി നെറ്റി’ലൂടെ കിം കി ഡൂക്ക് അവതരിപ്പിച്ചത്. അറിയാതെ പോലും അതിര്‍ത്തി കടന്നു പോകുന്നവനെ ചാരനാക്കി ചിത്രീകരിക്കാനുള്ള ബദ്ധപ്പെടലുകളും തിരിച്ചെത്തുമ്പോള്‍ അവനെ ശുദ്ധീകരിച്ചെടുക്കാനുള്ള ചോദ്യം ചെയ്യലുകളുമൊക്കെ കിം കി ഡുക്ക് രസകരമായാണ് അവതരിപ്പിച്ചത്. ഈ ചിത്രം ചലച്ചിത്രമേളയ്‌ക്കെത്തിയ ആരാധകരില്‍ ചിരിയും ചിന്തയും ഉണര്‍ത്തി.
ഡുക്കിന്റെ ‘മോബിയസ്’ എന്ന ചിത്രം ഐ.എഫ്.എഫ്.കെയിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായിരുന്നു. സ്പ്രിങ്, ദി ബോ, ബ്രീത്ത്, ഡ്രീം തുടങ്ങി ഇതുവരെ പ്രദര്‍ശിപ്പിച്ച ഡുക്കിന്റെ ചിത്രങ്ങള്‍ക്കെല്ലാം കേരളത്തില്‍ നിന്ന് വന്‍ കയ്യടിയാണ് ലഭിച്ചത്.