ഡൽഹി: പാർട്ടി പുനഃസംഘടന നിലവിലെ കോൺഗ്രസിലെ സമവാക്യങ്ങൾ എല്ലാം തന്നെ മാറ്റി മറിക്കുകയാണ്.ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും ജനപ്രതിനിധികളെ ഒഴിവാക്കാനും ഉള്ള മുല്ലപ്പള്ളിയുടെ തീരുമാനവും അതിനോട് യോജിച്ച കോൺഗ്രസ് ഹൈക്കമാൻഡ് നിലപാടും പല സംസ്ഥാന നേതാക്കൾക്കും പിടിച്ചിട്ടില്ല .
കണ്ണൂർ സുധാകരനും ,കൊടിക്കുന്നിൽ സുരേഷും പാർട്ടി ഭാരവാഹിത്വം നഷ്ടപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല . പാർട്ടി ഭാരവാഹിയായി തുടരാൻ വേണമെങ്കിൽ എം പി സ്ഥാനം താൻ രാജി വയ്ക്കാം എന്ന് സൂചിപ്പിച്ച് സുധാകരൻ സമ്മർദ്ദം ശക്തമാക്കുന്നു.രമേശ് വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാൻ കെ സുധാകരൻ മുല്ലപ്പള്ളിയെ വിമർശിച്ചു മുന്നോട്ടു വന്നു .സംയുക്ത സമരത്തിൽ ഉണ്ടായ അഭിപ്രായ വ്യത്യാസം മുല്ലപ്പള്ളി പറയേണ്ടിയിരുന്നത് പാർട്ടിക്കുള്ളിലായിരുന്നു എന്നതാണ് വിമർശനം.വിഷയത്തിൽ രമേശ് പക്വത കാണിച്ചു എന്നും സുധാകരൻ പറഞ്ഞു വയ്ക്കുന്നു .എന്നാൽ മാർക്സിസ്റ്റുകളോടുള്ള പോരാട്ടത്തിൽ എന്നും അഭിമാനിക്കുന്ന സുധാകരൻ സി പി എമ്മുമായുള്ള സംയുക്ത സമരത്തെ അനുകൂലിക്കുന്നതിൽ അദ്ദേഹത്തിന്റെ അനുയായികൾക്ക് യോജിപ്പില്ല.
പ്രസിഡന്റായി താനിരിക്കെ വർക്കിംഗ് പ്രസിഡന്റുമാരായി ചില നേതാക്കളെ നിലനിർത്തുന്നതിലും മുല്ലപ്പള്ളിക്ക് അതൃപ്തിയുണ്ട് .അവരെ വൈസ് പ്രസിഡന്റുമാരാക്കിയേക്കും എന്നാണു ഡൽഹിയിൽ നിന്നും ലഭിക്കുന്ന സൂചന .എന്നാൽ സുധാകരനും ,കൊടിക്കുന്നിലിനും നൽകുന്ന ഇളവ് മുതലാക്കി എങ്ങനെയും കെ പി സി സി കമ്മറ്റിയിൽ കയറിപ്പറ്റാനാണ് അടൂർ പ്രകാശിന്റെയും വി എസ് ശിവകുമാറിന്റെയും ശ്രമം .എം ഐ ഷാനവാസ് മരണപ്പെട്ടത് മുതൽ ശിവകുമാർ കെ പി സി സി ഭാരവാഹിയാകാൻ എല്ലാ മാർഗ്ഗങ്ങളും നോക്കുന്നുണ്ട് .ഇനി ഒന്നര വർഷം മാത്രമേ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ളു എന്നതിനാൽ എം എൽ എ മാരെ ഭാരവാഹികളാക്കണ്ട എന്നതാണ് ഹൈക്കമാണ്ടിന്റെയും തീരുമാനം .എന്നാൽ അതിനോട് എ, ഐ ഗ്രൂപ്പുകൾ യോജിക്കുന്നില്ല.
യു ഡി എഫ് കൺവീനറായി കെ വി തോമസ് എത്താനും സാധ്യതയുണ്ട് . പരിഗണനയിലുണ്ടായിരുന്ന മറ്റൊരു നേതാവായ എം എം ഹസ്സന്റെ സാധ്യത ഷാഫി പറമ്പിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കുന്നതു കൊണ്ട് അടയുന്നതാണ് കാണുന്നത് .