കണ്ണൂര്‍:കീഴാറ്റൂരിലെ ബൈപ്പാസിനെതിരായ സമരത്തില്‍ നിന്ന് വയല്‍കിളികള്‍ പിന്മാറുന്നു.സമരനായകനായ സുരേഷ് കീഴാറ്റൂരിന്റെ അമ്മയും സഹോദരിയുമടക്കം സമരക്കാരെല്ലാവരും ഭൂമി ഏറ്റെടുക്കലിന് സമ്മതപത്രം കൈമാറി.ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വയല്‍ക്കിളികള്‍ സമരത്തില്‍ നിന്നും പിന്മാറുന്നത്.മുമ്പ് തന്നെ പലരും സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു.ബൈപ്പാസ് നിര്‍മ്മാണത്തിനായി വളരെ കുറച്ച് ഭൂമിയാണ് ഇനി സര്‍ക്കാറിന് ഏറ്റെടുക്കാനുള്ളത്.
വയലുകളും തണ്ണീര്‍ത്തടങ്ങളുമുള്ള കീഴാറ്റൂരിലൂടെ ബൈപാസ് കടന്നുപോകുന്നതിനെതിരെയാണ് ജനങ്ങള്‍ സമരത്തിനിറങ്ങിയത്.2017 സെപ്തംബര്‍ 10ന് കീഴാറ്റൂരില്‍ വയല്‍ക്കിളി നേതാവ് സുരേഷിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാലസമരം ആരംഭിച്ചു. ബൈപാസ് നാടിനെ രണ്ടായി വെട്ടിമുറിക്കും, ആളുകള്‍ക്ക് ഒരു ഭാഗത്തുനിന്നും മറുഭാഗത്തേക്കു പോകാന്‍ ചുരുങ്ങിയത് മൂന്നു കിലോമീറ്റര്‍ ചുറ്റേണ്ടിവരും, ബൈപാസിനായി കീഴാറ്റൂര്‍ പ്രദേശത്തെ 250 ഏക്കര്‍ വയല്‍ മണ്ണിട്ടു നികത്തുമെന്നും ഒഴുകുന്ന തോട് മണ്ണിനടിയിലാകുമെന്നും തളിപ്പറമ്പ് നഗരത്തില്‍നിന്നുവരുന്ന മലിനജലം ഈ പ്രദേശത്ത് കെട്ടിക്കിടന്ന് മുഴുവന്‍ ശുദ്ധജലസ്രോതസ്സുകളും മലിനമാകുമെന്നും മറ്റുമാണ് സമരക്കാര്‍ മുന്നോട്ടു വച്ച പ്രശ്‌നങ്ങള്‍.
സര്‍വേ നടപടികളും സ്ഥലമേറ്റെടുക്കാനുള്ള മറ്റു നീക്കങ്ങളും വയല്‍ക്കിളികള്‍ തടഞ്ഞു. സമരത്തിനു പിന്‍തുണയുമായി കോണഗ്രസും ബിജെപിയുമടക്കം കീഴാറ്റൂരിലെത്തി.ബിജെപി സുരേഷ് കീഴാറ്റൂരിനെ ഡല്‍ഹിയിലെത്തിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തുകയും ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു.
എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കീഴാറ്റൂരിലൂടെ ബൈപ്പാസ് പദ്ധതിക്കുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്നു.അതോടെ സമരത്തെ പിന്തുണച്ച യുഡിഎഫും ബിജെപിയും പിന്‍വലിയുകയായിരുന്നു.