മറ്റുള്ളവര്‍ ഇങ്ങോട്ട് എന്തു ചെയ്താലും നാം അങ്ങോട്ട് അവരെ സ്നേഹിക്കുമ്പോഴല്ലാതെ നമുക്ക് സുഖം കിട്ടുന്നില്ല. ഇങ്ങോട്ട് എന്തു ചെയ്യുന്നു എന്നത് അവരുടെ മാനസികാവസ്ഥയോ പ്രശ്നമോ ആണ്, അങ്ങോട്ട് എന്തു ചെയ്യുന്നു എന്നത് നമ്മുടെയും! ഒരാള്‍ അയാളുടെ അസ്വസ്ഥതകൊണ്ടാണ് മറ്റൊരാളെ ദ്രോഹിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യുന്നത്. എന്നതുപോലെ ഒരാള്‍ അയാളുടെ സ്വസ്ഥതകൊണ്ടാണ് മറ്റൊരാളെ സ്നേഹിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്യുന്നത്.
സ്വന്തം സുഖം കെടുത്തുവാന്‍ ആരെയും അനുവദിക്കാതിരിക്കണം. അതിനുള്ള ഒരേയൊരു വഴി എല്ലായിപ്പോഴും എല്ലാവരോടും സ്നേഹത്തിലായിരിക്കുക എന്നതാണ്. അപ്പോള്‍ ബന്ധം വേര്‍പെടുത്തുന്നതിനെ കുറിച്ചും പുതിയ ബന്ധങ്ങളില്‍ നിന്ന് സുഖം തേടുന്നതിനെ കുറിച്ചും ചിന്തയുണ്ടാകില്ല. അവനവനിലെ ആനന്ദത്തിലായിരിക്കുക എന്നതാണ് യഥാര്‍ത്ഥ ബന്ധം. അതാണ് ആത്മബന്ധം. അങ്ങനെ നാം ഉള്ളിലനുഭവിക്കുന്ന ആനന്ദം കൂടെയുള്ളവര്‍ക്കും ലഭ്യമാകുന്നതാണ് യഥാര്‍ത്ഥ സ്നേഹം. നമുക്ക് ഈശ്വരനുമായുള്ള ബന്ധം ആത്മബന്ധമാണ്. ഉള്ളിലിരുന്ന് ആനന്ദമരുളുന്നു! അതിനാല്‍ നാമൊരിക്കലും ഈശ്വരനെ വിട്ടുപോകുന്നില്ല. നാം ഒരു ബന്ധം വേര്‍പെടുത്തുമ്പോള്‍ അതിനൊരര്‍ത്ഥമേയുള്ളൂ. അത് ആത്മബന്ധമായിരുന്നില്ല, ശരീരബന്ധമായിരുന്നു! ഓം