ആലപ്പുഴ:കുട്ടനാട് മുഴുവന്‍ ജലാശയമായി മാറിക്കഴിഞ്ഞു.വെള്ളം ഉയരാന്‍ സാധ്യതകണക്കിലെടുത്ത് മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്.
ഇന്ന് 40000 ഓളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റികഴിഞ്ഞു.ഇന്നലെ രാത്രിയോട് കൂടിതന്നെ ഭൂരിപക്ഷം പേരും സ്വമേധയാ ക്യാമ്പുകളിലെത്തിയിരുന്നു.ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്നവരെ രക്ഷപ്പെടുത്താന്‍ ദുരന്തനിവാരണസേന ബോട്ടുകളുമായി എത്തിയിരുന്നു.
അതേസമയം ഇത്ര വലിയ ഒരു പ്രളയക്കെടുതി ഉണ്ടായിട്ടും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ബോട്ട് വിട്ടുനല്‍കാന്‍ വിസമതിച്ച ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യാനും ഇവരുടെ ബോട്ട് പിടിച്ചെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും മന്ത്രി ജി.സുധാകരന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. കര്‍ശന നിര്‍ദേശം നല്‍കി ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്ത് ഇത് സംബന്ധിച്ച് ബോട്ട് വിട്ട് നല്‍കാന്‍ തയ്യാറാകാത്തവരെ ദുരന്തനിവാരണ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.ഉത്തരവ് നടപ്പാക്കുന്നതിനായി പൊലീസിനെ ചുമതലപ്പെടുത്തി.
മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് ബോട്ടുടമകള്‍ ബോട്ടുകള്‍ വിട്ടു നല്‍കിയിരുന്നു.
മോട്ടോര്‍ ബോട്ടുകളിലും ഹൗസ്‌ബോട്ടുകളിലും ചെറുവള്ളങ്ങളിലുമെല്ലാമായി പുലര്‍ച്ചെ മുതല്‍ തന്നെ ആളുകളെ ആലപ്പുഴമാതാ ജെട്ടിയില്‍ എത്തിച്ചുകൊണ്ടിരുന്നു. നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ആളുകളെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്.
ചേര്‍ത്തല എസ്എന്‍,സെന്റ് മൈക്കിള്‍സ്,എസ്എന്‍ ട്രസ്റ്റ്,കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ കെട്ടിടങ്ങള്‍ എന്നിവയിലാണ് നിലവില്‍ ആലപ്പുഴ നഗരത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.