നിരണം:ബിലീവേഴ്സ് ചർച്ച് യൂത്ത് ഫെലോഷിപ്പ് ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളജുകളിലും നടത്തുന്ന കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് കർമ്മ പരിപാടി നിരണം സെന്റ് മേരീസ് എൽ.പി. സ്കൂളിൽ തുടക്കമായി.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ ഉദ്ഘാടനം നിർവഹിച്ചു. കടപ്ര ഗ്രാമപഞ്ചായത്ത് അംഗം ജോസ് വി.ചെറി അദ്യക്ഷത വഹിച്ചു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം ഇടവകയുടെ സഹകരണത്തോടെയുള്ള തുണി സഞ്ചികളുടെ വിതരണം ഡീക്കൻ ജോബി ജോൺ നിർവഹിച്ചു.വിത്ത് അടങ്ങിയ പേപ്പർ പേനകളുടെ വിതരണം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.എം.ബി.നൈനാൻ നിർവഹിച്ചു.
ബോധവത്ക്കരണ ലഘുലേഖയുടെ വിതരണോദ്ഘാടനം സ്കൂൾ മാനേജർ വർഗ്ഗീസ് എം അലക്സ് സ്കൂൾ ലീഡർ വിബിന മറിയം വിനോദിന് നല്കി നിർവഹിച്ചു.ഹെഡ്മിസ്ട്രസ് ആശ ജേക്കബ് ,ഗ്രീൻ ക്ലബ് പ്രോജക്ട് ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള ,കൺവീനർ അനീഷ് ജോൺ ചിറയിൽ, കോർഡിനേറ്റർ പോൾ വർഗ്ഗീസ് മരങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.
പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം വരും തലമുറയിൽ വളർത്തിയെടുക്കുന്നതിനും പ്ലാസ്റ്റിക്ക് നിർമാർജനത്തിന്റെ സന്ദേശം വിദ്യാർത്ഥികളിൽ പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം.ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ പ്രകൃതിക്ക് ദോഷകരമാകുമ്പോൾ പേപ്പർ പേനകൾ ഉപയോഗത്തിന് ശേഷം വലിച്ചെറിഞ്ഞാലും ഭാവിയിൽ അത് ഒരു ഔഷധ ഗുണമുള്ള മരമായി തീരുമെന്നുള്ളതാണ് ഈ പേനയുടെ പ്രത്യേകത.പച്ചക്കറിവിത്തുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അഗസ്ത്യ ചീര, തക്കാളി , മുളക്, വഴുതനങ്ങ എന്നിവ അടങ്ങിയ വിത്തുകളോടൊപ്പം ഉള്ള പേനകൾ നിർമ്മിക്കുന്നത് തൃശൂരിലുള്ള അനഘയുടെ നേതൃത്വത്തിൽ ഉള്ള ഏഴ് പേർ അടങ്ങിയ സംഘമാണ്.സെറിബ്രൽ പാൾസി, ഓട്ടിസം എന്നിവ ബാധിച്ച ഈ കുട്ടികൾ നിർമ്മിക്കുന്ന പേനകൾ വിതരണം ചെയ്യുന്നതു മൂലം ഇവരുടെ പ്രതീക്ഷകൾക്ക് നിറം നല്കുക കൂടിയാണ് ചെയ്യുന്നതെന്ന് ഇടവക വികാരി ഫാദർ ഷിജു മാത്യം,ഗ്രീൻ ക്ലബ് പ്രോജക്ട് ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള,ഗ്രീൻ ക്ലബ് ജനറൽ കൺവീനർ അജോയ് കെ.വർഗീസ് എന്നിവർ അറിയിച്ചു.