തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കിക്കൊണ്ട് നടത്തുമെന്ന് മന്ത്രി ഇ പി ജയരാജന്‍.കലാമത്സരങ്ങള്‍ നടത്തി അര്‍ഹരായ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കാന്‍ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഈ വര്‍ഷം സ്‌കൂള്‍ കലോല്‍സവം വേണ്ടെന്നു പറഞ്ഞിട്ടില്ല. ആര്‍ഭാടമായ ആഘോഷങ്ങള്‍ ഒഴിവാക്കാനാണു പറഞ്ഞത്.കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുത്തില്ലെന്ന തീരുമാനമാണ് വിദ്യാഭ്യാസവകുപ്പിനും ഉള്ളത്.ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഇനിയും ആലോചിച്ച് തീരുമാനം എടുക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
പ്രളയദുരിതത്തില്‍നിന്നു കരകയറുന്നതിന്റെ ഭാഗമായാണ് ഒരു വര്‍ഷത്തേക്ക് ഫിലിം ഫെസ്റ്റിവലും മറ്റ് ആഘോഷപരിപാടികളും വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ആഘോഷങ്ങള്‍ക്കായി മാറ്റിവയ്ക്കുന്ന തുക കൂടി ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കാനാണ് തീരുമാനമെടുത്തത്.എന്നാല്‍ ആഘോഷങ്ങള്‍ ഒഴിവാക്കുന്നതില്‍ വിവിധ കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് കലോല്‍സവം നടത്തുമെന്ന് അറിയിച്ചത്.