വളരെയധികം പ്രതീക്ഷയോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലം പിടിക്കാൻ കൊണ്ട് വന്ന സ്ഥാനാർഥി പ്രതീക്ഷിച്ചതുപോലെ ഉള്ള നിലവാരത്തലിലേക്കുയരുന്നില്ല എന്നതാണ് ബി ജെ പിയെ കുഴയ്ക്കുന്നത്.മിസോറാം ഗവർണർ ആക്കി തിരിച്ചു കൊണ്ടുവന്നെങ്കിലും സംഘടനയ്ക്ക് പുറത്തു നിന്നും ഉള്ള വോട്ടു നേടാനുള്ള ശേഷി കുമ്മനത്തിനില്ല എന്ന് പാർട്ടി വിലയിരുത്തുന്നു .സ്ഥാനാർഥി മുഖത്തു നോക്കി സംസാരിക്കാത്തതു പോലും ചില നേതാക്കൾ പരാതിയായി ഉയർത്തിക്കഴിഞ്ഞു ,അദ്ദേഹം കണ്ണിൽ നോക്കി സംസാരിക്കില്ല അത്രേ .ഇത്തരം ആരോപണങ്ങൾ ബാലിശമായി തോന്നാമെങ്കിലും ഉന്നയിക്കുന്നവർ തികഞ്ഞ ഗൗരവത്തോടെയാണ് വിഷയത്തെ സമീപിച്ചിരിക്കുന്നത് .
പത്തു പതിനഞ്ചു വര്ഷം മുൻപ് ഇതുപോലൊരു സ്ഥാനാർഥി മതിയായിരുന്നു ,എന്നാൽ കാലഘട്ടം മാറി .ഇന്ന് തങ്ങളുടെ പാർലമെന്റ് സ്ഥാനാർത്ഥിയെക്കുറിച്ചുള്ള പ്രതീക്ഷ ജനങ്ങളിൽ മാറിയിരിക്കുന്നു .നഗര ,ഇടത്തരം മധ്യവർഗ്ഗത്തിന്റെ മനസ്സിൽ കയറാൻ കുമ്മനത്തിനു കഴിയുന്നില്ല .കാര്യങ്ങൾ നല്ലരീതിയിൽ അവതരിപ്പിക്കാനും ആകുന്നില്ല.മികച്ച വീഡിയോ പുറത്തിറക്കാനാണ് കേന്ദ്ര നേതാക്കൾ താഴേക്കു നിർദേശം കൊടുത്തിരിക്കുന്നത് .ആകർഷകമായ രീതിയിൽ വിവിധ വീഡിയോകൾ ,വ്യത്യസ്ത വിഷയത്തിൽ കുമ്മനത്തിനെ കൊണ്ട് കാര്യങ്ങൾ സംസാരിപ്പിച്ചു പുറത്തിറക്കാനാണ് തീരുമാനം .മികച്ച സംവിധായകരെയും ടെക്നീഷ്യന്മാരെയുമാണ് വീഡിയോ നിർമ്മാണം ഏൽപ്പിച്ചിരിക്കുന്നത് .നേരിട്ടുള്ള പ്രസംഗങ്ങൾ ആളുകളെ ആകർഷിക്കാത്ത അവസ്ഥ ഇത്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിലൂടെ മറികടക്കാം എന്നാണു ബി ജെ പി കരുതുന്നത് . രണ്ടായിരത്തിപതിന്നാലിൽ രാജഗോപാൽ നേടിയ വോട്ടിനെ മറികടന്നു വേണം ബി ജെ പിക്ക് ജയിക്കാൻ .അന്നാകട്ടെ തരൂരിന്റെ ഭാര്യയുടെ മരണവും അതിന്റെ ദുരൂഹതകളും , ശക്തമായ മോഡി തരംഗവും പിന്നെ രാജഗോപാലിനോടുള്ള സഹതാപവും എല്ലാം ബി ജെ പിക്ക് ഗുണപ്പെട്ടു.സി പി ഐ ആകട്ടെ ബെന്നറ്റ് എന്നൊരു സ്ഥാനാർത്ഥിയെ രംഗത്തിറക്കി കളം പൂർണ്ണമായി ഒഴിഞ്ഞുകൊടുത്തു.ഇന്നത്തെ സ്ഥിതി വേറെയാണ് മോദിയെ പ്രതീക്ഷയോടെ ബി ജെ പിക്കാർ മാത്രമേ കാണുന്നുള്ളൂ എന്നതാണ് അവസ്ഥ .തിരുവനതപുരം മണ്ഡലത്തിൽ ഏറെ പ്രതീക്ഷ തുടക്കത്തിൽ വച്ചുപുലർത്തിയിരുന്നു എങ്കിലും വളരെയധികം നിരാശയിലാണ് തലസ്ഥാനത്തെ ബി ജെ പി ക്യാമ്പ് .