ദില്ലി:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.കൃത്യ സമയത്തു ക്ഷണിക്കാതെ  സംസ്ഥാന സര്‍ക്കാര്‍ തന്നെ അപമാനിച്ചുവെന്നാണ് പങ്കെടുക്കാത്തതിന്റെ കാരണമായി കണ്ണന്താനം പറയുന്നത്.പരിപാടിക്ക് എത്തില്ലെന്ന് കാണിച്ച് കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കണ്ണന്താനം കത്തയച്ചു.
സംസ്ഥാന സര്‍ക്കാര്‍ ആദ്യം ക്ഷണിച്ചവരുടെ പട്ടികയില്‍ കണ്ണന്താനത്തിന്റെ പേരില്ലായിരുന്നു.സമ്മര്‍ദ്ദത്തിന് വഴങ്ങിയുള്ള ക്ഷണം വേണ്ടെന്നും വിമാനത്താവളത്തിന് വിവിധ ക്ലിയറന്‍സിന് വേണ്ടി ശ്രമിച്ചത് താനാണെന്ന കാര്യം ആരും മറക്കരുതെന്നും കണ്ണന്താനം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും  വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം
ചടങ്ങ് ബഹിഷ്കരിക്കുമെന്നറിയിച്ചിരുന്നു. വിമാനത്താവളത്തിനായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയും സ്ഥലം ഏറ്റെടുത്ത് കൈമാറിയത് വി എസ് സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.