തിരുവനന്തപുരം: ദേശീയ നിര്‍വാഹകസമിതി അംഗമായ കെഇ ഇസ്മയിലിനെ ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയ കാര്യം കീഴ് കമ്മറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങള്‍ തലസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞു. നാളെയും മറ്റന്നാളും കൗണ്‍സില്‍ യോഗം നടക്കും.

തോമസ് ചാണ്ടിയുടെ രാജി വൈകിയില്ലെന്ന പ്രസ്താവനയുടെ പേരിലാണ് കെഇ ഇസ്മയിലിനെ ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്ന സിപിഐയുടെ പ്രതിനിധി സംഘത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇസ്മയിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ന് ആരംഭിച്ച പാര്‍ട്ടി യോഗത്തില്‍ വിഷയം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്മയിലിനെതിരെ എടുത്തത് അച്ചടക്ക നടപടിയല്ലെന്ന് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും കീഴ് കമ്മിറ്റികളില്‍ വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ എക്സിക്യൂട്ടീവ് തീരുമാനമെടുത്തു. ഇതോടെ അച്ചടക്ക നടപടിയുടെ സ്വഭാവം കൈവരും.

യോഗങ്ങളില്‍ ഇസ്മയിലിനെതിരെ വിമര്‍ശങ്ങളും ഉയര്‍ന്നു. നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. അന്തിമവിഞ്ജാപനം വരുമ്പോള്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന് പറഞ്ഞ റവന്യു സെക്രട്ടറി പിഎച്ച് കുര്യന്റെ പ്രസ്താവനയ്ക്കെതിരെയും യോഗത്തില്‍ വിമര്‍ശം ഉണ്ടായി. റവന്യു സെക്രട്ടറിയുടെ പ്രവര്‍ത്തനം ഇടതുമുന്നണിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും അഭിപ്രായം ഉയര്‍ന്നു.