തിരുവനന്തപുരം:നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനം അന്തരിച്ച കെഎം മാണിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പിരിഞ്ഞു. കെ എം മാണിയുടെ മരണത്തിലൂടെ പകരം വക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. സമാനതകളില്ലാത്ത നേതാവായിരുന്നു കെ എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം നിയമസഭയില്‍ മുന്‍നിരയില്‍ കെ.എം മാണിയുടെ സീറ്റ് തന്നെ പിജെ ജോസഫിനു നല്‍കി.പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് പി ജെ ജോസഫിന് മുന്‍നിരയില്‍ സീറ്റ് നല്‍കിയത്. ജൂണ്‍ ഒന്‍പതിന് മുന്‍പ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍ദേശിച്ചു.
നേരത്തേ ജോസഫിന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് മോന്‍സ് ജോസഫ്, സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.എന്നാല്‍ പാര്‍ട്ടിയില്‍ ആലോചിക്കാതെയാണ് ഇത്തരമൊരു കത്ത് നല്‍കിയതെന്നും ഇത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നാണ് നേതാവിനെ തെരഞ്ഞെടുക്കേണ്ടതെന്നും യോഗം വിളിക്കേണ്ടത് വര്‍ക്കിംഗ് ചെയര്‍മാനാണെന്നും ജോസ് കെ മാണിയും പറഞ്ഞു.