കൊച്ചി:അഴീക്കോട് എംഎല്‍എ ആയിരുന്ന കെഎം ഷാജിയെ അയോഗ്യനാകാന്‍ ഇടയായ ലഘുലേഖ പോലീസ് കണ്ടെടുത്തതല്ലെന്നും സിപിഎം നേതാവ് ഹാജരാക്കിയതാണെന്നും രേഖകള്‍.ഇത് സംബന്ധിച്ച് വളപട്ടണം എസ്‌ഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് കെ.എം.ഷാജി നല്‍കിയ ഹര്‍ജിയിലാണ് നടപടി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.കേസില്‍ സാക്ഷി വിസ്താര വേളയില്‍ ലഘുലേഖ പിടിച്ചത് വളപട്ടണത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകയും പഞ്ചായത്ത് പ്രസിഡന്റുമായ എന്‍ പി മനോരമയുടെ വീട്ടില്‍ നിന്നാണെന്നായിരുന്നു എസ്‌ഐ നല്‍കിയ മൊഴി.എന്നാല്‍ ഇത് തെറ്റാണെന്ന് കെഎം ഷാജി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
വളപട്ടണം പോലീസ് കണ്ണൂര്‍ മജിസ്‌ട്രേറ്റ്  കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ലഘുലേഖ കിട്ടിയെന്ന് പറയുന്നില്ല. എസ് ഐ ശ്രീജിത് കൊടേരി തന്നെയാണ് ഈ റിപ്പോര്‍ട്ടില്‍ ഒപ്പിട്ടിരിക്കുന്നത്.അടുത്ത ദിവസം സിപിഎം നേതാവ് അബ്ദുള്‍ നാസറിന്റെ പരാതിയില്‍ കേസെടുത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മതസ്പര്‍ദ്ധയുണ്ടാക്കുന്ന ലഘുലേഖയുണ്ടെന്ന് വ്യക്തമാക്കുന്നത്.ലഘുലേഖ കണ്ടെടുത്തത് അബ്ദുള്‍ നാസറിന്റെ കൈയ്യില്‍ നിന്നാണ്.
വസ്തുത ഇതായിരിക്കെ എസ്‌ഐ ശ്രീജിത് കൊടേരി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അതിനാല്‍ എസ്‌ഐക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ഷാജിയുടെ ആവശ്യം. ഹര്‍ജി അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.