തിരുവനന്തപുരം:കെഎസ്ആര്‍ടിസിയില്‍ 134 ജീവനക്കാരെക്കൂടി പിരിച്ചു വിട്ടു.ഏറെനാളായി അവധിയിലായിരുന്ന 69 കണ്ടക്ടര്‍മാരെയും 65 ഡ്രൈവര്‍മാരെയുമാണ് പിരിച്ചുവിട്ടത്.304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയും അടക്കം 773 പേരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ തച്ചങ്കരിയാണ് ജീവനക്കാരെ പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത്.
കെഎസ് ആര്‍ടിസിയില്‍ കാലങ്ങളായി അവധിയെടുത്ത് പോയവര്‍ മറ്റുജോലികള്‍ ചെയ്യുകയും വിദേശത്ത് പോവുകയും ചെയ്തിട്ടുണ്ട്.വിരമിക്കലിന് ഒന്നുരണ്ടുമാസം മുന്‍പേ ഇവര്‍ രേഖകളുമായി എത്തി ജോലിക്കു കയറുകയും പെന്‍ഷന്‍ ആനുകൂല്യങ്ങളടക്കം നേടുകയും ചെയ്യുന്ന പ്രവണതയും തുടര്‍ന്നുപോരുകയായിരുന്നു.
അനധികൃതമായി അവധിക്കു പ്രവേശിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കുകയും അവരോട് 2018 മെയ് 30 നുള്ളില്‍ ജോലിക്കു കയറുകയോ മറുപടി നല്‍കുകയോ ചെയ്യണമെന്ന് അറിയിച്ചിരുന്നു.എന്നിട്ടും ജോലിയില്‍ പ്രവേശിക്കാത്തവരെയാണ് പിരിച്ചുവിട്ടത്.