ന്യൂഡല്‍ഹി:ചുരുക്കം നാളുകള്‍കൊണ്ട് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് തലവേദനയായി ഡല്‍ഹിയില്‍ മറ്റൊരു എഎപി പാര്‍ട്ടി.ആപ്കി അപ്നി പാര്‍ട്ടി എന്ന് പേരിലുള്ള പുതിയ പാര്‍ട്ടിയും എ എ പി എന്ന ചുരുക്കപേരിലാണ് അറിയപ്പെടുന്നത്.രണ്ട് പാര്‍ട്ടികളുടെ പേരിലെ സാമ്യം വലിയ പ്രതിസന്ധിയാകുന്നത് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്കുതന്നെയാണ്. ഒരേ പേരിലുള്ള പാര്‍ട്ടികള്‍ ജനങ്ങളില്‍ ആശയക്കുഴപ്പത്തിനിടയാക്കും.ഇത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളും പാര്‍ട്ടി പ്രവര്‍ത്തകരും.
ആപ്കി അപ്നി പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേജരിവാള്‍ പോള്‍ പാനലിന് ഹര്‍ജി സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് തള്ളിയതിനെത്തുടര്‍ന്ന് തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഹൈക്കോടതി ആരാഞ്ഞിട്ടുണ്ട്.