ന്യൂ ഡല്‍ഹി: കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാണ് പുതുക്കിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയില്‍ വനിതകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യമുണ്ട്. ഇരുപതോളം പേരെ പട്ടികയില്‍നിന്ന് ഒഴിവാക്കി. വക്കം പുരുഷോത്തമന് പട്ടികയിലില്ല. രാജ്മോഹന്‍ ഉണ്ണിത്താന് പുതിയ പട്ടികയില്‍ ഇടം നേടി.
വനിതകളുടെ എണ്ണം 17ല്‍നിന്ന് 28 ആയി. ദലിത് വിഭാഗത്തിന് 10 ശതമാനം പ്രാതിനിധ്യം. അതേസമയം, കെപിസിസി അംഗങ്ങളാകാന്‍ യോഗ്യരായ വനിതകള്‍ ഇല്ലെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു. പട്ടിക പ്രഖ്യാപിക്കുമ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും അര്‍ഹരായ വനിതകള്‍ക്ക് പ്രാതിനിധ്യം ഉണ്ടാകും. വനിതകള്‍ക്ക് സംവരണം നല്‍കണം എന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിലപാടാണ്. പട്ടികയില്‍ പേരുള്‍പ്പെടുത്താത്തത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്കു പരാതി സമര്‍പ്പിച്ചതായും ബിന്ദു കൃഷ്ണ പറഞ്ഞു.