കോട്ടയം:കോട്ടയത്തെ കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി. കേസില്‍ നീനുവിന്റെ സഹോദരനടക്കം 10 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.4 പ്രതികളെ വെറുെതവിട്ടു. കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മറ്റന്നാള്‍ വിധി പറയും. അതേസമയം നീനുവിന്റെ പിതാവ് ചാക്കോ കുറ്റക്കാരനല്ലെന്നും കോടതി പറഞ്ഞു. അഞ്ചാം പ്രതിയായ ചാക്കോയ്‌ക്കെതിരെ തെളിവുകളില്ലാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെവിട്ടു.മറ്റു മൂന്നു പ്രതികള്‍ കുറ്റകൃത്യത്തില്‍ നേരിട്ട് ഇടപെടല്‍ നടത്തിയതായി തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ല. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു.കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും ദുരഭിമാന കൊലയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചു.കേസില്‍ നിര്‍ണ്ണായകമായത് കെവിന്റെ ഭാര്യ നീനുവിന്റെ മൊഴിയാണ്.ഒരു പെണ്‍കുട്ടി സ്വന്തം അച്ഛനും സഹോദരനുമെതിരെ മൊഴി നല്‍കിയത് വളരെ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. കെവിന്റെ മരണശേഷം കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് നീനു കഴിയുന്നത്.