കോട്ടയം:കെവിന് കൊലക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി ഷാനു ചാക്കോയുടെ സുഹൃത്ത് ലിജോ.കെവിന് കൊല്ലപ്പെട്ടതായി ഷാനു തന്നെ മണിക്കൂറുകള്‍ക്കകം വിളിച്ച് പറഞ്ഞെന്ന് ലിജോ മൊഴി നല്കി.’കെവിന് തീര്‍ന്നു.കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, എന്നാല്‍ അവനെ വെറുതെ വിടുകയാണ്’ എന്നാണ് ഷാനു പറഞ്ഞതായാണ് ലിജോ കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയത്.
വിചാരണയ്ക്കിടെ കെവിനെ കൊന്നത് തങ്ങളല്ലെന്നാണ് ഷാനു ഉള്‍പ്പെടെയുള്ള പ്രതികള്‍ പറഞ്ഞത്. കെവിനെ തട്ടിക്കൊണ്ട് പോയി നീനുവിനെ ഭീഷണിപ്പെടുത്തി തിരികെ കൊണ്ട് വരിക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു.എന്നാല്‍ പ്രതികളുമായി വളരെ അടുപ്പമുള്ള ലിജോയുടെ മൊഴി പ്രതികളുടെ വാദം തള്ളിക്കളയുന്നതാണ്.
കോടതിയില്‍ ഷാനുവിനെതിരായി മൊഴി നല്കിയതുകൂടാതെ കോടതി മുറിയില്‍ പ്രതികള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ലിജോ പറഞ്ഞു.നാലാം പ്രതിയായ നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തില്‍ പ്രതിക്കൂട്ടില്‍ ഒപ്പം നിന്നിരുന്ന എട്ടാം പ്രതി ആംഗ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതായാണ് ലിജോ വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് പ്രതിഭാഗത്തെ കോടതി താക്കീത് ചെയ്തു.കോടതിക്ക് അകത്തും പുറത്തും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്കി.സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും ഉചിതമായ നടപടികളുമായി മുന്നോട്ടു പോകാനും കോടതി പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കെവിന് വധക്കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. നീനുവിന്റെ അച്ഛന് ചാക്കോ, സഹോദരന് ഷാനു ചാക്കോ എന്നിവരുള്‍പ്പെടെ കേസില്‍ 14 പ്രതികളാണുള്ളത്.