തിരുവനന്തപുരം:ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജി എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദായി.നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശ് പ്രത്യേക ബുള്ളറ്റിനിലൂടെയാണ് കെ.എം.ഷാജിയുടെ അംഗത്വം റദ്ദാക്കിയതായി അറിയിച്ചത്.ഇതോടെ
നാളെ തുടങ്ങുന്ന നിയമസഭാസമ്മേളനത്തില്‍ കെ.എം.ഷാജിക്ക് പങ്കെടുക്കാനാവില്ല.
അയോഗ്യനാക്കിയ വിധിക്കെതിരെ കെ.എം.ഷാജി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്‌റ്റേ നല്‍കിയിരുന്നു.എന്നാല്‍ നവംബര്‍ 23 ന് കാലാവധി കഴിഞ്ഞിട്ടും ഹൈക്കോടതിയോ സുപ്രീം കോടതിയോ സ്റ്റേ നീട്ടിക്കൊടുത്തില്ല.ഈ സാഹചര്യത്തിലാണ് 4-11-2018 മുതല്‍ കെ.എം.ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നതായി ബുള്ളറ്റിനില്‍ പറയുന്നത്.
കെംഎം ഷാജിക്ക് സഭാനടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി വാക്കാല്‍ പറഞ്ഞിരുന്നു.എന്നാല്‍ കോടതി വാക്കാല്‍ പരാമര്‍ശിച്ചതുകൊണ്ടു മാത്രം ഷാജിക്ക് സഭയില്‍ പങ്കെടുക്കാനാവില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.